ടെഹ്റാൻ: യുഎസ് ഇടപെടലിന് പിന്നാലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ ഇർഫാൻ സോൾട്ടാനിയുടെ (26) വധശിക്ഷ റദ്ദാക്കിയതായി ഇറാൻ അറിയിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഭരണകൂടത്തിനെതിരായ പ്രചാരണത്തിനും നീക്കം നടത്തിയതാണ് ഇർഫാനെതിരെ ചുമത്തിയ കുറ്റം. കോടതി ശിക്ഷിച്ചാൽ പോലും ഇത്തരം കുറ്റങ്ങൾക്ക് വധശിക്ഷയില്ലെന്നാണ് പുതിയ വിശദീകരണം.
അറസ്റ്റിലായ പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകിയാൽ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ജനുവരി 10ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇർഫാൻ സോൾട്ടാനിയെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തത്. പിന്നാലെ 14ന് വധശിക്ഷ നടപ്പാക്കുമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ഇന്നലെ നാടകീയമായി വധശിക്ഷ മാറ്റിവച്ചതായും ഇന്ന് ഇർഫാൻ സോൾട്ടാനിക്ക് വധശിക്ഷ വിധിക്കാവുന്ന കുറ്റം ചുമത്തിയിട്ടില്ലാത്തതിനാൽ വധശിക്ഷയില്ലെന്നും അറിയിക്കുകയായിരുന്നു.
പ്രതിഷേധത്തെ അടിച്ചമർത്തുന്നതിനെതിരെ ഇറാനിയൻ ജനതയുടെ സഹായത്തിനെത്തുന്നതിനെക്കുറിച്ച് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് സംസാരിച്ചിരുന്നു. ആവശ്യമെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയും ട്രംപ് നൽകിയിരുന്നു. ഇനി വധശിക്ഷ നടപ്പാക്കില്ലെന്ന് ഇറാൻ അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടു.



