വാഷിങ്ടൻ: ഇറാൻ – യുഎസ് സംഘർഷം അയയുന്നതായി സൂചന. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പിടിയിലായവരെ തൂക്കിക്കൊല്ലുന്ന നടപടിയിൽ നിന്ന് ഇറാൻ ഭരണകൂടം പിന്മാറിയതോടെയാണ് മേഖലയിലെ സംഘർഷ സാഹചര്യം കുറഞ്ഞത്. ഇറാന്റെ തീരുമാനത്തിൽ തനിക്ക് ബഹുമാനമുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇന്നലെ നടക്കേണ്ടിയിരുന്ന 800 ലധികം വധശിക്ഷകളും ഇറാൻ നേതൃത്വം റദ്ദാക്കിയതായി താൻ അറിഞ്ഞെന്നും നടപടിക്ക് നന്ദിയുണ്ടെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം ഇറാനിൽ സൈനികനടപടി തൽക്കാലം വേണ്ടെന്നുവയ്ക്കാൻ ട്രംപിനെ പ്രേരിച്ചത് ഗൾഫ് രാജ്യങ്ങളുടെ ഇടപെടലാണെന്ന് റിപ്പോർട്ട്. സൗദിയും ഖത്തറും ഒമാനും യുഎസുമായി നടത്തിയ ചർച്ചകളാണു സ്ഥിതി മയപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഇറാനെ ആക്രമിച്ചാൽ ഗൾഫ് മേഖലയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ഇത് യുഎസിനും ഗുണകരമാവില്ലെന്ന് സൗദിയും ഖത്തറും ട്രംപിനെ ധരിപ്പിച്ചുവെന്നാണു വിവരം. അതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയാനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഫോണിൽ സംസാരിച്ചു.



