ന്യൂയോർക്ക്: മേയർ സൊഹ്‌റാൻ മംദാനിയുമായുള്ള ഏറ്റുമുട്ടലിന് വഴി തുറന്ന് ന്യൂയോർക്കിലെ നികുതിദായകരുടെ പണം ഇസ്രായേൽ ബോണ്ടുകളിൽ വീണ്ടും നിക്ഷേപിക്കാനുള്ള നീക്കവുമായി ചീഫ് ഫിനാൻഷ്യൽ ഓഫിസർ. ന്യൂയോർക്ക് നഗരത്തിലെ പെൻഷൻ ഫണ്ടുകൾ ഇസ്രായേലി സർക്കാർ ബോണ്ടുകളിൽ നിക്ഷേപം പുനഃരാരംഭിക്കുന്നതോടെ പൊതുജനങ്ങളുടെ പണം നേരിട്ട് ഇസ്രായേലിന്റെ ട്രഷറിയിലേക്ക് എത്തും. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കും അധിനിവേശ വെസ്റ്റ് ബാങ്കിലെ വർണവിവേചന വ്യവസ്ഥക്കും ഇത് കരുത്തുപകരുമെന്ന വിമർശനം നിലനിൽക്കെയാണിത്.
ഗസ്സയിലെ ആക്രമണത്തിന്റെ പേരിൽ പുതിയ മേയർ സൊഹ്‌റാൻ മംദാനി ഇസ്രായേലിനെ പരസ്യമായി എതിർത്തിട്ടും ന്യൂയോർക്ക് നഗരം വീണ്ടും ഫണ്ട് നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ ബോണ്ടുകൾ വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്നുവെന്നും ആ പ്രകടന റെക്കോർഡിനെ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും ന്യൂയോർക്ക് സിറ്റി ചീഫ് ഫിനാൻഷ്യൽ ഓഫിസർ മാർക്ക് ലെവിൻ പറഞ്ഞതായാണ് റിപ്പോർട്ട്.
ഇസ്രായേൽ സർക്കാറിന്റെ ബോണ്ടുകൾ, പണം നേരിട്ട് ഖജനാവിലേക്ക് എത്തിക്കുന്നു. നിക്ഷേപകർക്ക് സ്ഥിരമായ പലിശ പേയ്‌മെന്റുകൾ നൽകുന്നു. അതേസമയം ഇസ്രായേലിന്റെ വർണ്ണവിവേചന വ്യവസ്ഥ, അനധികൃത കുടിയേറ്റങ്ങളുടെ വ്യാപനം, ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കൽ, ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സാധാരണക്കാരെ കൊല്ലൽ എന്നിവക്ക് അത്തരം ധനസഹായം പിന്തുണ നൽകുന്നുവെന്നും വിമർശകർ വാദിക്കുന്നു.



