ലണ്ടൻ: ഗ്രീൻലാൻഡ് വിഷയത്തിൽ സഖ്യകക്ഷികൾക്കെതിരെ തീരുവ ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ എതിർത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇത് പൂർണമായും തെറ്റാണെന്നും വ്യാപാര യുദ്ധം ആരുടെയും താൽപര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിന്റെ അർധ സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്.
ഗ്രീൻലാൻഡിന്മേലുള്ള അമേരിക്കൻ നിയന്ത്രണത്തോടുള്ള എതിർപ്പ് കാരണം എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് ഫെബ്രുവരി മുതൽ പത്ത് ശതമാനം ഇറക്കുമതി നികുതി ഈടാക്കുമെന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പ്രതീകാത്മകമായി സൈനികരെ ഗ്രീൻലാൻഡിലേക്ക് വിന്യസിച്ചതിനോടുള്ള പ്രതികരണമെന്ന നിലക്കാണ് തീരുവയെന്ന് ട്രംപ് സൂചിപ്പിച്ചു. അമേരിക്കൻ സാന്നിധ്യമില്ലെങ്കിൽ റഷ്യയും ചൈനയും ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ശ്രമിക്കുമെന്നാണ് ട്രംപിന്റെ വാദം.ദ്വീപിന്റെ ഭാവി തീരുമാനിക്കാനുള്ള ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും അവകാശത്തെ ബ്രിട്ടൻ പിന്തുണക്കുമെന്ന് സ്റ്റാർമർ പറഞ്ഞു.



