ബെയ്ജിങ്: ഒരു ദമ്പതികൾക്ക് ഒരു കുഞ്ഞ് എന്ന നയത്തിനായി ചൈന നടത്തിയ അധ്വാനത്തിന് കണക്കില്ല. അത് ഒടുവിൽ ഫലം കാണുകയും ചെയ്തു. എന്നാൽ, ഇങ്ങനെ പോയാൽ അത് ജനസംഖ്യക്കുറവിലേക്ക് നയിക്കുമെന്ന ഭീതി ചൈനയെ പിടികൂടിത്തുടങ്ങി. ദീർഘകാലമായി തുടർന്ന ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച് ഒരു ദശാബ്ദമായെങ്കിലും അതൊന്നും ഇപ്പോൾ ഫലം ചെയ്യുന്നില്ല.
കൂടുതൽ കുഞ്ഞുങ്ങളുണ്ടാകുന്നവർക്ക് സബ്സിഡികൾ മുതൽ പല വിധ ആനുകൂല്യങ്ങൾ നൽകിയിട്ടും രക്ഷയില്ല. തിങ്കളാഴ്ച പുറത്തുവിട്ട ജനസംഖ്യ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണവർ. എങ്കിലും ജനസംഖ്യ വലിയ തോതിൽ കുറയുകയാണ്. തുടർച്ചയായ നാലാം വർഷത്തെ പ്രതിഭാസമാണിത്. 2025ൽ ചൈനയിലെ ജനസംഖ്യ 1.404 ബില്യൺ ആയിരുന്നു. ഇത് മുൻവർഷത്തെക്കാൾ മൂന്ന് ദശലക്ഷം കുറവാണ്.



