ന്യൂഡൽഹി: യുഎസിനെയും ചൈനയെയും ആഗോള ‘ഉത്തരവാദിത്വ രാഷ്ട്ര സൂചികാ’പട്ടികയിൽ (റെസ്പോൺസിബിൾ നേഷൻസ് ഇൻഡെക്സ്- RNI) മറികടന്ന് ഇന്ത്യ. 154 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ 16-ാം സ്ഥാനത്താണ് ഇന്ത്യ. പൗരർ, പരിസ്ഥിതി, മറ്റ് ലോകരാജ്യങ്ങൾ എന്നിവയുമായുള്ള ബന്ധം എന്നിവയിൽ രാജ്യങ്ങൾ തങ്ങളുടെ അധികാരം എത്രത്തോളം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുന്നു എന്നത് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
തിങ്കളാഴ്‌ച പുറത്തിറങ്ങിയ സൂചികയിൽ സിങ്കപ്പൂർ ഒന്നാം സ്ഥാനത്തും സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക് രണ്ടും മൂന്നും സ്ഥാനത്താണ്ഒരു രാജ്യം അതിലെ പൗരന്മാരോടും മുഴുവൻ മാനവികതയോടും എത്രത്തോളം ഉത്തരവാദിത്വത്തോടെ പെരുമാറുന്നു എന്ന് സൂചിക വെളിപ്പെടുത്തുന്നുവെന്നും വരുംതലമുറയ്ക്ക് ഇത് ഒരു പ്രധാന ചുവടുവെപ്പാണെന്നും സൂചിക പുറത്തിറക്കിക്കൊണ്ട് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. കൂടാതെ ഈ സംരംഭത്തിന് വേൾഡ് ഇൻ്റലെക്ച്വൽ ഫൗണ്ടേഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഇന്റലെക്ച്വൽ ഫൗണ്ടേഷന്റെ സംരംഭമാണ് റെസ്പോൺസിബിൾ നേഷൻസ് ഇൻഡെക്സ് (RNI). സാമ്പത്തികസ്ഥിതി, സൈനികശേഷി ഭൗമരാഷ്ട്രീയസ്വാധീനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത ആഗോള റാങ്കിങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്വത്തിലേക്കാണ് ആർഎൻഐ കേന്ദ്രീകരിക്കുന്നത്. ആഗോള തലത്തിൽ രാജ്യങ്ങളെ വിലയിരുത്തുന്നതിൽ മാറ്റം വരുത്തുക എന്നതാണ് സൂചികയ്ക്ക് പിന്നിലെ ആശയം.



