വാഷിംഗ്ടണ്‍: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 4,029 പേരാണെന്ന് യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി വ്യക്തമാക്കി. ഇതിൽ 3,786 പേർ പ്രക്ഷോഭകരാണ്. 180 പേർ സുരക്ഷ ഉദ്യോഗസ്ഥരും 28 കുട്ടികളും 35 പേർ പ്രക്ഷോഭവുമായി ബന്ധമില്ലാത്തവരുമാണ്.
പ്രക്ഷോഭത്തിൽ ഇതുവരെ എത്രപേർ മരിച്ചുവെന്ന് ഔദ്യോഗികമായി പുറത്തുവിടാൻ ഇറാൻ സർക്കാർ തയാറായിട്ടില്ല. ‘ആയിരങ്ങൾ’ മരിച്ചു എന്ന് മാത്രമാണ് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ പറഞ്ഞത്. അതിനിടെ, ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കാൻ ഇറാൻ വിദേശമന്ത്രി അബ്ബാസ് അറഗ്ചിക്കുള്ള ക്ഷണം സംഘാടകർ പിൻവലിച്ചു.



