പി.പി ചെറിയാൻ
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും പത്നി ഉഷ വാൻസും തങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ദമ്പതികൾ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
അമേരിക്കൻ ചരിത്രത്തിൽ തന്റെ ഭർത്താവ് പദവിയിലിരിക്കെ ഗർഭിണിയാകുന്ന ആദ്യത്തെ ‘സെക്കൻഡ് ലേഡി’ (വൈസ് പ്രസിഡന്റിന്റെ പത്നി) കൂടിയാണ് 40-കാരിയായ ഉഷ വാൻസ്.
ജൂലൈ അവസാന വാരത്തോടെ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങൾക്ക് ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെന്നും ഉഷയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അവർ അറിയിച്ചു.
യേൽ ലോ സ്കൂളിലെ പഠനകാലത്ത് പരിചയപ്പെട്ട ഇവർ 2014-ലാണ് വിവാഹിതരായത്. ഇവർക്ക് നിലവിൽ മൂന്ന് മക്കളുണ്ട്: ഇവാൻ (8), വിവേക് (5), മിറാബെൽ (4).
ഞെങ്ങളുടെ കുടുംബത്തെ പരിചരിക്കുന്ന സൈനിക ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ദമ്പതികൾ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ വംശജയായ ഉഷ വാൻസ് നേരത്തെ പ്രശസ്തമായ ലോ ഫേമുകളിൽ അഭിഭാഷകയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സിനൊപ്പവും ജോലി ചെയ്തിട്ടുള്ള മികച്ച കരിയറുള്ള വ്യക്തിത്വമാണ് അവർ. അമേരിക്കയിൽ ജനനനിരക്ക് കുറയുന്നതിനെക്കുറിച്ച് മുൻപ് ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള ജെഡി വാൻസ്, കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് രാജ്യത്തിന് നല്ലതാണെന്ന് പലപ്പോഴും പ്രസംഗിച്ചിട്ടുണ്ട്.



