Thursday, January 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ഐ.സി.ഇ ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ഐ.സി.ഇ ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

പി.പി ചെറിയാൻ

വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible entry) ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന പുതിയ നയം പുറത്തുവന്നു. 2025 മെയ് മാസത്തിലെ ഒരു രഹസ്യ മെമ്മോ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം റിപ്പോർട്ട് ചെയ്തത്.

സാധാരണയായി ഒരു ജഡ്ജി ഒപ്പിട്ട സെർച്ച് വാറണ്ട് ഉണ്ടെങ്കിൽ മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാൽ പുതിയ നയപ്രകാരം ‘അഡ്മിനിസ്ട്രേറ്റീവ് വാറണ്ട്’ (I-205 ഫോം) ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വീടുകളിൽ ബലംപ്രയോഗിച്ച് കയറാം.

മുൻകാലങ്ങളിൽ ഇത്തരം ഭരണപരമായ വാറണ്ടുകൾ വീടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഭരണഘടനയോ ഇമിഗ്രേഷൻ നിയമങ്ങളോ ഇത് തടയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) ഇപ്പോഴത്തെ വിലയിരുത്തൽ.

ഐസ് (ICE) ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് അയച്ച ഈ മെമ്മോ രണ്ട് വിസിൽ ബ്ലോവർമാരാണ് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തലിന് കൈമാറിയത്. പരിശീലനം ലഭിക്കാത്ത പുതിയ ഉദ്യോഗസ്ഥരെ പോലും ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് പ്രേരിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ജുഡീഷ്യൽ മേൽനോട്ടമില്ലാതെ വീടുകൾ തകർത്ത് അകത്തുകയറുന്നത് അമേരിക്കൻ ഭരണഘടനയുടെ നാലാം ഭേദഗതിയുടെ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ, നാടുകടത്തൽ ഉത്തരവ് ലഭിച്ചവർക്ക് നിയമപരമായ എല്ലാ അവസരങ്ങളും ലഭിച്ചുകഴിഞ്ഞതാണെന്നും ഉദ്യോഗസ്ഥർക്ക് ഇതിന് അധികാരമുണ്ടെന്നുമാണ് അധികൃതരുടെ വാദം.

ട്രംപ് ഭരണകൂടത്തിന് കീഴിൽ വൻതോതിലുള്ള നാടുകടത്തൽ നടപടികൾ തുടരുന്നതിനിടെയാണ് വിവാദപരമായ ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments