ലണ്ടൻ: യുകെയിൽ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി അന്തരിച്ചു. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ലൂട്ടനിലെ സ്റ്റെഫാൻ വർഗീസ് (23) അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ സ്റ്റെഫാൻ പ്ലേസ്മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു.
ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രിയിൽ പതിവു പോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് മരണ വിവരം വീട്ടുകാർ അറിഞ്ഞത്. താമസ സ്ഥലത്ത് ലാപ്ടോപ്പിന് മുന്നില്‍ കസേരയിൽ ഇരിക്കുന്ന നിലയില്‍ കാണുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഇപ്പോൾ തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സിംഗപ്പൂരിൽ നിന്നും യുകെയിലേക്ക് കുടിയേറിയ തിരുവല്ല പുതുശ്ശേരി സ്വദേശി ഡോ. വിനോദ് വർഗീസ് – ഗ്രേസ് വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. സോഫിയ വർഗീസ് ഏക സഹോദരിയാണ്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഡോക്ടർ ആകേണ്ടിയിരുന്ന സ്റ്റെഫാന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും പ്രാദേശിക മലയാളി സമൂഹവും.



