ബ്രിസ്‌ബൺ: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കെഗാരി ദ്വീപിൽ മരിച്ച നിലയിൽ കണ്ടെത്തിയ കനേഡിയൻ ബാക്ക്പാക്കർ പൈപ്പർ ജെയിംസിന്റെ മരണം മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ തീരത്ത് മൃതദേഹം കണ്ടെത്തുമ്പോൾ പത്തോളം ഓസ്‌ട്രേലിയൻ കാട്ടുനായ്ക്കൾ മൃതദേഹത്തിന് ചുറ്റും കൂടിനിൽക്കുന്ന നിലയിലായിരുന്നു. യുവതിയുടെ ശ്വാസകോശത്തിൽ വെള്ളം ഉണ്ടായിരുന്നതായും ഇത് മുങ്ങിമരണം കൊണ്ടുണ്ടായതാണെന്നും ക്വീൻസ്‌ലൻഡ് കൊറോണർ കോടതി വക്താവ് അറിയിച്ചു. യുവതിയുടെ ശരീരത്തിൽ കാട്ടുനായ്ക്കൾ കടിച്ചുപരിക്കേൽപ്പിച്ച പാടുകൾ ഉണ്ടായിരുന്നു.
ഈ മുറിവുകൾ മരണത്തിന് മുമ്പുള്ളതാണെങ്കിലും അത് നേരിട്ട് മരണത്തിന് കാരണമായിട്ടില്ല. മരണശേഷമാണ് നായ്‌ക്കൾ മൃതദേഹത്തിൽ കൂടുതൽ പരിക്കുകൾ ഏൽപ്പിച്ചത്. മരണത്തിൽ മറ്റ് ദുരൂഹതകൾ ഉള്ളതിൻ്റെ തെളിവുകൾ ഇതുവരെ ലഭിച്ചില്ല. കാട്ടുനായ്‌ക്കൾ നിന്നും രക്ഷപ്പെടാൻ കടലിൽ ഇറങ്ങിയപ്പോൾ മുങ്ങിമരിച്ചതാണോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ കാംപ്ബെൽ റിവർ സ്വദേശിനിയായ പൈപ്പർ, ഹൈസ്കൂൾ പഠനത്തിന് ശേഷം പൈലറ്റ് ആകാനുള്ള തയ്യാറെടുപ്പിനിടെയാണ് ഓസ്‌ട്രേലിയ സന്ദർശിക്കാനെത്തിയത്.



