പി.പി ചെറിയാൻ
ന്യൂയോർക് :അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിക്കുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിലും ശൈത്യതരംഗത്തിലും ഇതുവരെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലൂസിയാനയിൽ രണ്ടും ടെക്സാസിൽ ഒന്നും മരണങ്ങളാണ് സ്ഥിരീകരിച്ചത്. കടുത്ത തണുപ്പ് മൂലമുണ്ടാകുന്ന ഹൈപ്പോതെർമിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് വൈദ്യുതി ലൈനുകൾ തകരാറിലായതോടെ 10 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു. ടെന്നസി, മിസിസിപ്പി, ലൂസിയാന സംസ്ഥാനങ്ങളിലാണ് സ്ഥിതി കൂടുതൽ ഗുരുതരം.
അമേരിക്കയിൽ ഇന്ന് മാത്രം 12,000-ഓളം വിമാന സർവീസുകൾ റദ്ദാക്കി. ന്യൂയോർക്കിലെ ലാഗ്വാർഡിയ , റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ട് എന്നിവ പൂർണ്ണമായും അടച്ചു.
തെക്ക് മുതൽ വടക്കുകിഴക്കൻ മേഖല വരെയുള്ള 23 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 18.5 കോടി ജനങ്ങൾ ജാഗ്രതാ നിർദ്ദേശത്തിന് കീഴിലാണ്.
ബോസ്റ്റൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ 23 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഇത് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഞ്ഞുവീഴ്ചയിൽ ഒന്നായിരിക്കും.
ന്യൂയോർക്ക് സിറ്റിയിലെ പബ്ലിക് സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പഠനം ഓൺലൈൻ വഴി തുടരും.



