സോൾ: ദക്ഷിണകൊറിയക്ക് മേൽ താരിഫ് 15ൽ നിന്ന് 25 ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. യു.എസുമായുള്ള വ്യാപാര കരാർ വേണ്ടത്ര വേഗത്തിൽ അംഗീകരിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടു എന്ന് കാണിച്ചാണ് നടപടി. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യാപാരക്കരാറിന് ദക്ഷിണ കൊറിയയുടെ നിയമ സഭ അംഗീകാരം ലഭിക്കാൻ വൈകുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഓട്ടോ മൊബൈൽ, തടി, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയെയാണ് ഉയർന്ന താരിഫ് ബാധിക്കുക. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം. എന്നാൽ യു.എസിന്‍റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദക്ഷിണകൊറിയയുടെ പ്രസിഡന്‍റ് ഓഫീസ് പറഞ്ഞു.
ജൂലൈയിലാണ് ദക്ഷിണ കൊറിയക്ക് മേലുള്ള പരസ്പര താരിഫ് 25 ശതമാനത്തിൽ നിന്ന് 15 ശതമാനം ആക്കാമെന്ന യു.എസിന്‍റെ വാഗ്ദാനത്തിൻമേൽ യു.എസും ദക്ഷിണകൊറിയയും വ്യാപാരക്കരാറിന് സമ്മതിക്കുന്നത്.



