Wednesday, January 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ - ധർമ്മസേവനത്തിന് നേതൃത്വം

മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ – ധർമ്മസേവനത്തിന് നേതൃത്വം

(അനഘ വാര്യർ | കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)

തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന മഹാമാഘ കുംഭമേളയോടനുബന്ധിച്ചുള്ള അന്നദാന മഹായജ്ഞത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സനാതന ധർമ്മ സേവന പാരമ്പര്യത്തിൽ ഒരു ചരിത്രപദവി കൈവരിച്ചു.

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ആത്മാർത്ഥമായ സഹകരണത്തിലൂടെയും, വ്യക്തമായ ദർശനവും ദൃഢനിശ്ചയവുമുള്ള നേതൃത്വത്തിലൂടെയുമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ തുക സമാഹരിക്കാൻ സാധിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

ഈ ആദ്യ സമർപ്പണം KHNAയുടെ സാമൂഹിക ഉത്തരവാദിത്വത്തെയും ധാർമ്മിക സേവനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിനിധീകരിക്കുന്നതാണെന്ന് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. “അന്നദാനം മഹാദാനമാണ്. സനാതന ധർമ്മത്തിന്റെ ഏറ്റവും മഹത്തായ സേവന രൂപങ്ങളിലൊന്നാണ് ഇത്. ഈ ദൗത്യത്തിൽ ആദ്യ ഘട്ടമായി 5 ലക്ഷം രൂപ സമർപ്പിക്കാൻ കഴിഞ്ഞതിൽ KHNA അഭിമാനിക്കുന്നു. എന്നാൽ ഇതൊരു തുടക്കമാത്രമാണ്. കൂടുതൽ സംഭാവനകൾ സമാഹരിച്ച് കൂടുതൽ അംഗങ്ങളെയും അനുഭാവികളെയും ഈ പുണ്യകർമത്തിൽ പങ്കാളികളാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ഐക്യവും ധാർമ്മിക ബോധവുമാണ് ഇത്തരം മഹാദൗത്യങ്ങളെ മുന്നോട്ട് നയിക്കുന്നത്.”

മഹാമാഘ അന്നദാനം സനാതന ധർമ്മത്തിന്റെ സേവന പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, ഈ മഹാദൗത്യത്തിലേക്ക് ആദ്യ സമർപ്പണം നടത്താൻ കഴിഞ്ഞതിൽ KHNAയ്ക്ക് വലിയ അഭിമാനമുണ്ടെന്നും ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ അഭിപ്രായപ്പെട്ടു. ധർമ്മപരവും സാമൂഹികവുമായ എല്ലാ സേവന പ്രവർത്തനങ്ങൾക്കും KHNA ശക്തമായ പിന്തുണ നൽകുമെന്നും ജനറൽ സെക്രട്ടറി സിനു നായർ അറിയിച്ചു.
“അന്നദാനം മഹാദാനം തന്നെയാണ്. ഈ പുണ്യകർമത്തിന്റെ ഭാഗമാകാൻ കൂടുതൽ പേർ മുന്നോട്ട് വരണം,”
എന്ന് ട്രഷറർ അശോക് മേനോൻ അഭ്യർത്ഥിച്ചു. KHNAയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇത്തരം ധാർമ്മിക പ്രവർത്തനങ്ങൾ സമൂഹത്തിൽ ദീർഘകാല മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാമാഘവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 19ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുമായി ചേർന്ന് KHNA സംഘടിപ്പിച്ച വെബിനാറിലാണ് അന്നദാന പദ്ധതിയിലെ സംഘടനയുടെ പങ്കാളിത്തവും ആദ്യ സംഭാവനയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടക്കം മുതൽ ലഭിച്ച അഭൂതപൂർവ്വമായ സാമൂഹിക പിന്തുണ ഏറെ പ്രചോദനകരമാണെന്നും, ഈ സഹകരണം തുടർന്നും ശക്തമാകുമെന്ന പ്രതീക്ഷയും KHNA നേതൃത്വം പങ്കുവച്ചു.

ധർമ്മത്തിലൂടെ സേവനം — സേവനത്തിലൂടെ സമൂഹമാറ്റം എന്ന ദർശനവുമായി മുന്നോട്ട് പോകുന്ന KHNA, ഈ അന്നദാന മഹായജ്ഞത്തിലൂടെ കൂടുതൽ ഹൃദയങ്ങളെ സ്പർശിക്കുമെന്നും, കൂടുതൽ ആളുകളെ ഈ മഹാദൗത്യത്തിലേക്ക് ആകർഷിക്കുമെന്നും സംഘടനാ നേതൃത്വം ആത്മവിശ്വാസത്തോടെ അറിയിച്ചു.

👉ഈ അന്നദാന മഹായജ്ഞത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക്,Zelle മുഖേന [email protected]
എന്ന ഇമെയിലിലേക്കു സംഭാവനകൾ അയയ്ക്കാവുന്നതാണ്.
ഇങ്ങനെ സമാഹരിക്കുന്ന മുഴുവൻ തുകയും മഹാമാഘ അന്നദാന പദ്ധതിക്കായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും KHNA നേതൃത്വം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments