പി.പി ചെറിയാൻ
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത “Faith Ally for Mental Health Initiative” (FAMHI) പദ്ധതിയുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. 2026 ജനുവരി 28-ന് ബുധനാഴ്ച രാത്രി 9:00 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന ചടങ്ങിൽ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ റൈറ്റ് റവ ഡോ എബ്രഹാം പൗലോസ് മാർ തിരുമേനി അധ്യക്ഷത വഹിക്കുകയും പദ്ധതിയുടെ ഔദ്യോഗിക ലോഞ്ച് നിർവ്വഹിക്കുകയും ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ, യേശുക്രിസ്തുവിന്റെ ശുശ്രൂഷകൾ കേവലം ശാരീരിക സൗഖ്യത്തിന് മാത്രമായിരുന്നില്ല, മറിച്ച് മനുഷ്യന്റെ ആത്മീയവും മാനസികവുമായ മാറ്റത്തിനാണ് പ്രാധാന്യം നൽകിയതെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.
“നമ്മുടെ ജീവിതത്തിലെ സുസ്ഥിതി എന്നത് ശാരീരികവും മാനസികവും ആത്മീയവുമായ അവസ്ഥകളുടെ ഒരു കൂടിച്ചേരലാണ്. ജീവിതത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും മാനസികാരോഗ്യം അനിവാര്യമാണ്,” – ബിഷപ്പ് സന്ദേശത്തിൽ വ്യക്തമാക്കി.

റവ. ക്രിസ്റ്റഫർ ഡാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ റവ. ജോയൽ സാമുവൽ തോമസ് സ്വാഗതം ആശംസിച്ചു. മാനസികാരോഗ്യ രംഗത്തെ പ്രഗത്ഭരായ വ്യക്തികൾ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി:
ശാരീരിക-മാനസിക ആരോഗ്യത്തിന്റെ (Wellness) വിവിധ വശങ്ങളെക്കുറിച്ച് ഡോ. ജോർജ് എബ്രഹാം അവലോകനം നടത്തി.
.അനിൽ ചാക്കോ സമകാലിക ലോകത്ത് മാനസികാരോഗ്യത്തിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു.ഈ സംരംഭത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും ക്ലിനിക്കൽ അഡൈ്വസറി ടീമിനെക്കുറിച്ചും ജോർജ് സാമുവൽ വിശദീകരിച്ചു. യുവാക്കൾക്കിടയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് റവ. ജെയ്‌സൺ വർഗീസും, മാതാപിതാക്കളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് ബാബു മാത്യുവും സംസാരിച്ചു.

പ്രാദേശിക തലത്തിൽ ഈ സംരംഭം സജീവമാക്കുന്നതിനായി റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റികൾ (RAC) രൂപീകരിക്കും. മാർത്തോമ്മ ഭദ്രാസനം ഉൾപ്പെടെയുള്ള വിവിധ സഭാ വിഭാഗങ്ങളുടെ സഹകരണത്തോടെ പ്രാദേശിക ഇടവകകളിലും അയൽപക്കങ്ങളിലും അവബോധ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഡോ. സുനിത ചാണ്ടി സമാപന പ്രസംഗം നടത്തി. ജോസഫ് ഡാനിയേൽ നന്ദി രേഖപ്പെടുത്തി. റവ. ഡെനിസ് എബ്രഹാമിന്റെ പ്രാർത്ഥനയ്ക്കും അധ്യക്ഷൻ പൗലോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ ആശീർവാദത്തോടും കൂടി ചടങ്ങുകൾ സമാപിച്ചു. വൈദികരും ഡാളസ്സിൽ നിന്നുള്ള ഭദ്രാസന കൌൺസിൽ അംഗവും ഭദ്രാസന മീഡിയ കോർഡിനേറ്ററുമായ ഷാജി രാമപുരവും വിശ്വാസികളും ഉൾപ്പെടെ വൻ സദസ്സ് ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു.കാരോൾട്ടൻ മാർത്തോമാ ചർച്ചിൽ നിന്നുള്ള നേഹ മാത്യു എം സി ആയിരുന്നു.



