പി.പി ചെറിയാൻ
സണ്ണി വെയ്ൽ: ടെക്സസിലെ സണ്ണി വെയ്‌ലിൽ 2023-ൽ നടന്ന വെടിവെപ്പിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റസമ്മതം നടത്തി. 27-കാരനായ ക്വാണ്ടവിയസ് ഗോമിലിയയ്ക്കാണ് കോടതി 12 വർഷം തടവ് ശിക്ഷ വിധിച്ചത്.
2023 ജൂൺ 4-ന് റിവർസ്റ്റോൺ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് ടൈഷ മെറിറ്റ് എന്ന യുവതി വെടിയേറ്റ് മരിച്ചത്.
കാറിലിരിക്കുകയായിരുന്ന ടൈഷയ്ക്കും കുടുംബത്തിനും നേരെ മുഖംമൂടി ധരിച്ചെത്തിയ പ്രതി വെടിയുതിർക്കുകയായിരുന്നു. ടൈഷയുടെ സഹോദരനും 8-നും 10-നും ഇടയിൽ പ്രായമുള്ള അദ്ദേഹത്തിന്റെ മൂന്ന് മക്കൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. സണ്ണി വെയ്‌ലിൽ 20 വർഷത്തിന് ശേഷം നടക്കുന്ന ആദ്യ കൊലപാതകമാണിത്.
കൊലപാതകത്തിന് ശേഷം ഒരു വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതിയെ 2024 ജൂണിൽ മിസിസിപ്പിയിൽ വെച്ചാണ് പിടികൂടിയത്.
ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തപ്പെട്ട പ്രതി കഴിഞ്ഞ ആഴ്ചയാണ് കോടതിയിൽ കുറ്റം സമ്മതിച്ചത്.
സണ്ണി വെയ്ൽ പോലീസ്, മെസ്ക്വിറ്റ്, കരോൾട്ടൺ പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ, എഫ്.ബി.ഐ എന്നിവരുടെ സംയുക്ത അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അന്വേഷണ സംഘത്തെ മലയാളിയായ സണ്ണി വെയ്ൽ മേയർ സജി ജോർജ് അഭിനന്ദിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അപൂർവ്വമായി മാത്രം സംഭവിക്കുന്ന നഗരത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.



