ലണ്ടൻ: അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന യുകെ എംപി തുലിപ് സിദ്ദിഖിനെ നാല് വർഷം തടവിന് ശിക്ഷിച്ച് ബംഗ്ലാദേശ് കോടതി. അഴിമതിക്കേസിലാണ് തുലിപിന് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി അന്യായമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും യുകെയിലെ ഭരണകക്ഷിയായ ലേബർ പാർട്ടി ആരോപിച്ചു.
പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സഹോദരിപുത്രിയാണ് തുലിപ്. ഷെയ്ഖ് ഹസീനയ്ക്കും മറ്റ് രണ്ട് കുടുംബാംഗങ്ങൾക്കും വിവിധ അഴിമതിക്കേസുകളിൽ കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികളുടെ അസാന്നിധ്യത്തിലാണ് വിചാരണ നടന്നത്. ആരോപണങ്ങളെല്ലാം പ്രതികൾ നിഷേധിച്ചിരുന്നു
‘തുലിപിന് ന്യായമായ വിചാരണയ്ക്കുള്ള അവസരം ലഭിച്ചിട്ടില്ല. കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പോലും അധികൃതർ കൈമാറിയിട്ടില്ല. നിയമപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിനാൽ ഈ വിധി അംഗീകരിക്കുന്നില്ല’– ലേബർ പാർട്ടി വക്താവ് അറിയിച്ചു.
തുലിപ് സിദ്ദിഖിന് ലഭിക്കുന്ന രണ്ടാമത്തെ ശിക്ഷയാണിത്. 2025 ഡിസംബറിൽ ധാക്കയ്ക്ക് സമീപം ഭൂമി കൈക്കലാക്കാൻ അമ്മായിയായ ഷെയ്ഖ് ഹസീനയെ സ്വാധീനിച്ചെന്ന കേസിൽ നേരത്തെ രണ്ട് വർഷം തടവ് ലഭിച്ചിരുന്നു.



