ടൂലൂസ്: ഒന്നാം ലോകമഹായുദ്ധ കാലത്തെ പീരങ്കി ഷെൽ 24 വയസ്സുകാരന്റെ മലാശയത്തിൽ കണ്ടെത്തി. ഇതേ തുടർന്ന് ആശുപത്രി ഒഴിപ്പിച്ച് ബോംബ് നിർവീര്യമാക്കാൻ വിദഗ്ധരെത്തിയാണ് ഷെൽ ആശുപത്രിയിൽ നിന്ന് മാറ്റിയത്.
കഴിഞ്ഞ ശനിയാഴ്ച (ജനുവരി 31) ടൂലൂസിലെ റാൻഗ്വെയ്ൽ ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റിൽ കടുത്ത ശാരീരിക പ്രശ്നങ്ങളുമായിട്ടാണ് യുവാവിനെ എത്തിച്ചത്. പരിശോധനയിൽ മലദ്വാരത്തിനുള്ളിൽ എന്തോ പ്രവേശിച്ചിരിക്കുന്നതായി ഡോക്ടർമാർക്ക് മനസ്സിലായി. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി ഒന്നാം ലോകമഹായുദ്ധകാലത്തെ പീരങ്കി ഷെൽ പുറത്തെടുക്കുകയായിരുന്നു.
ഇതോടെ ഷെൽ പൊട്ടിത്തെറിക്കുമെന്ന് ഭയന്ന് അലാറം മുഴങ്ങി. തുടർന്ന് അടിയന്തര സാഹചര്യം പരിഗണിച്ച് ബോംബ് സ്ക്വാഡിന് പുറമെ അഗ്നിശമന സേനയും ആശുപത്രിയിലെത്തി ആശുപത്രി ഒഴിപ്പിച്ചു. ബോംബ് നിർമാർജന വിദഗ്ധർ ഷെൽ നിർവീര്യമാക്കി. അതേസമയം, ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരികയാണ്.
പുരാതന പിച്ചളയും ചെമ്പും കൊണ്ടുള്ള ഷെൽ എങ്ങനെ മനുഷ്യന്റെ മലാശയത്തിൽ കുടുങ്ങിയെന്ന് അജ്ഞാതമാണ്. യുവാവിന്റെ മൊഴി ഈ ആഴ്ച അധികൃതർ രേഖപ്പെടുത്തും. ‘കാറ്റഗറി എ ആയുധങ്ങൾ’ കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രോസിക്യൂട്ടർമാർ ആലോചിക്കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധസമയത്ത് വെസ്റ്റേൺ ഫ്രണ്ടിലെ ബ്രിട്ടിഷ്, ഫ്രഞ്ച് സൈനികർക്കെതിരെ ഇംപീരിയൽ ജർമൻ സേന ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ഷെല്ലുകൾ വിന്യസിച്ചിരുന്നു.



