ഇറാനിലുള്ള യുഎസ് പൗരന്മാരോട് എത്രയുംപെട്ടെന്ന് രാജ്യം വിട്ടുപോകാൻ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ആവശ്യപ്പെട്ടു. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനും പറഞ്ഞതെന്തിന്? യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജേഡ് കഷ്നർ എന്നിവരാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചർച്ച നടത്തുക.
കഴിഞ്ഞവർഷം ഇസ്രയേലും അമേരിക്കയും ഇറാനുമേൽ ആക്രമണം നടത്തിയശേഷം ഇതാദ്യമായാണ് അമേരിക്കൻ, ഇറാൻ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. ചർച്ചയിൽ സമവായമായില്ലെങ്കിൽ ഇറാനിയൻ പരമോന്നത നേതാവ് അലി ഖമനയി ദുഃഖിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
ആണവപദ്ധതിക്കായുള്ള യുറേനിയം ശേഖരം നശിപ്പിക്കുക, ബാലിസ്റ്റിക് മിസൈലൽ പദ്ധതികൾ ഉപേക്ഷിക്കുക, മധ്യേഷ്യയിലെ ഭീകരവാദ സംഘടനകളെ സഹായിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക ഇറാനുമുന്നിൽ വച്ചിരിക്കുന്നത്. എന്നാൽ, അമേരിക്കയുടേത് ഇറാന്റെ പരമാധികാരത്തിനുമേൽ കടന്നുകയറാനുള്ള ശ്രമമാണെന്നാണ് ഇറാനിയൻ ഭരണകൂടം പ്രതികരിച്ചത്. അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും മധ്യേഷ്യയാകെ യുദ്ധകലുഷിതമാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനും അമേരിക്കയും പരസ്പരം അവിശ്വാസം വച്ചുപുലർത്തുന്നത് സമാധാന ചർച്ചയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാനുമേൽ അമേരിക്ക വൈകാതെ വെനസ്വേലൻ മോഡൽ ആക്രമണത്തിന് മുതിർന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സമ്പൂർണ യുദ്ധത്തിലേക്ക് കടക്കാതെ, ഇറാനിയൻ നേതാക്കളെ മാത്രം ഉന്നമിട്ടുള്ള ആക്രമണമായിരിക്കാം അമേരിക്ക ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.



