ഡാളസ്: നൂറാമത്തെ അംഗസംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) അംഗീകരിച്ചു. അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും അവർക്ക് വേണ്ടിയും പിറന്ന നാടായ കേരളത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ അംബ്രല്ലാ ഓർഗനൈസേഷനായ ഫോമായിൽ അംഗത്വം നൽകിയതിന് KAT പ്രസിഡന്റ് ജോസ് വടകര ഫോമാ കമ്മിറ്റിയ്ക്ക് പ്രത്യേകമായ നന്ദി അറിയിച്ചു. 2006 ൽ ഫോമയുടെ പിതൃത്വം ടെക്സസിൽ നിന്നും ആരംഭിച്ചിട്ട് രണ്ട് ദശകങ്ങൾ കഴിയുമ്പോഴേക്കും നൂറാമത്തെ സംഘടന എന്ന അസൂയാവഹമായ വളർച്ചയിൽ പങ്കാളികളാകാൻ സാധിച്ച ഈ അസുലഭ മുഹൂർത്തത്തിന് സെക്രെട്ടറി ലാലുവും നന്ദി രേഖപ്പെടുത്തി.

കേരളത്തനിമ വിളിച്ചോതുന്ന പൈതൃക-സമ്പന്നമായ വിഷു ആഘോഷങ്ങളോടെ KAT ന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഉദ്ഘടാനം കുറിയ്ക്കും. ഈ ചടങ്ങിൽ ഫോമയുടെ ഭാരവാഹികൾ പ്രത്യേക ക്ഷണിതാക്കളായിരിക്കും. അമേരിക്കയിൽ മലയാളികൾ ഏറ്റവും കൂടുതലുള്ള സിറ്റിയായി മാറിക്കൊണ്ടിരിക്കുന്ന ഡാളസിലാണ് ഇപ്പോൾ അസോസിയേഷന്റെ ആസ്ഥാനം.
IRS സെക്ഷൻ 501(c)(3) വകുപ്പ് പ്രകാരം നികുതി ഒഴിവാക്കി ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന അസ്സോസിയേഷനാണിത്. ഈ സ്ഥാപനം ഒരു പൊതുചാരിറ്റിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളതിനാൽ എല്ലാവിധ സംഭാവനകൾക്കും മെമ്പർഷിപ്പുകൾക്കും നികുതി കിഴിവ് ലഭിക്കുന്നതായിരിക്കും. മെമ്പർഷിപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി പ്രസിഡന്റ് ജോസ് വടകര # (623) 271-5465 സെക്രെട്ടറി ലാലു # (214) 597-9040 എന്നിവരുമായി ബന്ധപ്പെടുക.




