Thursday, March 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEuropeപത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി; മുന്നൂറോളം ഭക്തർ പങ്കുചേർന്നു

പത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി; മുന്നൂറോളം ഭക്തർ പങ്കുചേർന്നു

അപ്പച്ചന്‍ കണ്ണന്‍ചിറ

ലണ്ടൻ: യു.കെ.യിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകൻ മഹാക്ഷേത്രത്തിൽ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്‌വർക്ക് (മുൻ ആറ്റുകാൽ സിസ്റ്റേഴ്സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, മുൻ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നൽകി.

രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടർന്ന് നിവേദ്യം പാകം ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് ദേവീ പൂജയും, സഹസ്രനാമ അർച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങൾക്ക് വിളമ്പി നൽകി. യു കെ യുടെ നന ഭാഗങ്ങളിൽ നിന്നായി ഏകദേശം മുന്നൂറോളം ഭക്തർ നിവേദ്യം സ്വീകരിക്കാൻ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവർക്കായി മണ്ടപ്പുറ്റ്, തെറളി അപ്പം എന്നിവയും പകുത്തു നൽകുകയുണ്ടായി. ഊണും വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

പ്രവർത്തിദിനമായിരുന്നെങ്കിലും, വർഷംതോറും പൊങ്കാലയിൽ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേർന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.

ശ്രീ മുരുകൻ ക്ഷേത്ര ട്രസ്റ്റിന്റെ നിസ്സീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാൻ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തിൽ ഓർമ്മിച്ചു. ശ്രീ മുരുകൻ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ് , ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്‌വർക്ക് ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുൻ കൗൺസിലർ ജോസ് അലക്‌സാണ്ടർ അടക്കമുള്ള പ്രമുഖർ സന്നിഹിതരായിരുന്നു. സജീവ് ദിവാകരൻ, സജിത് എന്നിവർ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments