റിയാദ്: വിവിധ അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച (മാർച്ച് എട്ട്) ചേരും. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം സംഘടിപ്പിക്കുന്നത്.
അറബ് രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം, അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനം, അയൽരാജ്യങ്ങൾ പാലിക്കേണ്ട മര്യാദകളുടെ നഗ്നമായ ലംഘനം എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഇറാെൻറ ഇടപെടലുകൾ ഗൗരവത്തോടെ കാണണമെന്ന് അറബ് ലീഗ് വ്യക്തമാക്കി.
സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായി ഉന്നയിച്ച ആവശ്യപ്രകാരമാണ് ഈ അസാധാരണ മന്ത്രിതല യോഗം വിളിച്ചുചേർത്തിരിക്കുന്നത്.



