അബുദബി: ബഹ്റൈനു മേലുള്ള ഇറാന് ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 12.30ഓടെ സിത്രയിലെ താമസ മേഖലയിൽ പതിച്ച ഡ്രോൺ ആണ് വലിയ ആഘാതത്തിന് കാരണമായത്. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനടക്കം 32ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. 17 വയസ്സുകാരിക്ക് തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകൾക്ക് സാരമായ പരിക്കുണ്ട്.
പരിക്കേറ്റവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ബാപ്കോ റിഫൈനറി ലക്ഷ്യമിട്ടും ആക്രമണമുണ്ടായി.
ആക്രമണത്തിൽ ഒരു ഓയിൽ ടാങ്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്നുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം ദ്രുതഗതിയിൽ നിയന്ത്രണവിധേയമാക്കി. വിദേശ കരാറുകളിൽ തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും, രാജ്യത്തെ പ്രാദേശിക ഇന്ധന വിതരണത്തെ ഇത് ബാധിക്കില്ലെന്ന് ബാപ്കോ അധികൃതർ അറിയിച്ചു.



