വാഷിങ്ടൻ∙ ഇറാഖിന് മുകളിൽ തകർന്നുവീണ യുഎസ് സൈനിക വിമാനം കെസി–135ൽ ഉണ്ടായിരുന്ന ആറുപേരിൽ 4 പേർ മരിച്ചതായി യുഎസ്. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ സൈനിക വിമാനമാണു തകർന്നത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരിൽ നാലുപേർ മരിച്ചെന്ന് സ്ഥിരീകരിച്ച യുഎസ്, വിമാനം തകർന്നത് വെടിവയ്പ്പിലല്ലെന്നും അറിയിച്ചു.
‘‘ഇറാഖിന് മുകളിൽ യുഎസിന്റെ കെസി-135 വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരിൽ 4 പേർ മരിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിമാനം തകർന്നുവീഴാനുള്ള സാഹചര്യം അന്വേഷിക്കും. ശത്രുക്കളുടെ വെടിവയ്പ്പിലല്ല വിമാനം തകർന്നത്’’ – യുഎസ് സെൻട്രൽ കമാൻഡ് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
എന്നാൽ യുഎസ് വിമാനം തങ്ങൾ വെടിവച്ചിട്ടതാണെന്നാണു ഇറാന്റെ വാദം. ഇറാഖിലെ തങ്ങളുടെ സായുധ സംഘം മിസൈൽ ഉപയോഗിച്ച് യുഎസ് വിമാനം തകർക്കുകയായിരുന്നെന്ന് ഇറാൻ അവകാശപ്പെട്ടു. പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധത്തിന് പിന്നാലെ യുഎസിന് നഷ്മാകുന്ന നാലാമത്തെ വിമാനമാണിത്. ഇതിനു മുന്നേ യുഎസിന്റെ 3 എഫ്–15 ഇ വിമാനങ്ങൾ കുവൈത്ത് അബദ്ധത്തിൽ വെടിവച്ചിട്ടിരുന്നു.



