ജോർജി വർഗീസ്
മാർത്തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡയിലെ വനിതാ അംഗങ്ങൾ, സേവികാസംഘത്തിന്റെ നേതൃത്വത്തിൽ, ഈ വർഷത്തെ അന്താരാഷ്ട്ര വേൾഡ് ഡേ ഓഫ് പ്രയർ ഭക്തിപുരസ്കരം ആഘോഷിച്ചു. നൈജീരിയയിലെ സ്ത്രീകൾ തയ്യാറാക്കിയ ആരാധനാക്രമത്തെ അടിസ്ഥാനമാക്കിയായിരുന്നു ശുശ്രൂഷ. ചടങ്ങിന്റെ ഭാഗമായി നൈജീരിയൻവേഷങ്ങൾ ധരിച്ച സ്ത്രീകൾ ഘോഷയാത്രകളും, സ്കിറ്റുകളും പ്രദർശനങ്ങളും നടത്തി. നൈജീരിയയുടെ ചരിത്രവും സംസ്കാരവും വരച്ചു കാട്ടുന്ന വസ്ത്ര ധാരണവും മറ്റു പ്രദർശനങ്ങളും ഈ പ്രോഗ്രാമിന് മാറ്റ് കൂട്ടി. എല്ലാവർക്കും നൈജീരിക്കാരുടെ ആഹാരം തയ്യാറാക്കി വിളമ്പിയത് നൂതന അനുഭവമായി.

ആഗോള തലത്തിൽ കൊണ്ടാടുന്ന വേൾഡ് ഡേ ഓഫ് പ്രയറിന്റെ ഭാഗമായാണ് സൗത്ത് ഫ്ലോറിഡയിൽ വിപുലമായ രീതിയിൽ ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. വിവിധ ക്രൈസ്തവസഭകളിലെ സ്ത്രീകൾ ഓരോ വർഷവും മാർച്ച് മാസത്തിലെ ആദ്യ വാരമാണ് വേൾഡ് ഡേ ഓഫ് പ്രയർ സംഘടിപ്പിക്കുന്നത്. 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള വനിതകൾ പരിപാടിയിൽ പങ്കു ചേരും.
സൗത്ത് ഫ്ലോറിഡാ മാർത്തോമാ ചർച്ച് സംഘടിപ്പിച്ച പരിപാടിയിൽ നൈജീരിയൻ സ്ത്രീകൾ നേരിടുന്ന മതപീഡനവും സാമൂഹിക വെല്ലുവിളികളും ദൃശ്യ ആവിശ്കാരത്തിൽകൂടി അവതരിപ്പിച്ചത് ശ്രദ്ധേയമായി. “1 will give you rest, come” – എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയാണ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചത്. ശുശ്രൂഷയുടെ ഭാഗമായായി രൂപപ്പെടുത്തിയ “Come to Me” – എന്ന തീം സോങ്ങും, മറ്റ് തെരഞ്ഞെടുത്ത ഗാനങ്ങളും ശ്രുതിമധുരമായി. ഇടവക വികാരി റെവ. ഡോ. ജേക്കബ് ജോർജി ന്റെ നേതൃത്വത്തിൽ ഇടവകയിലെ സേവികാസംഘം അംഗങ്ങളും മറ്റു സ്ത്രീകളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.



