തെൽ അവീവ്: പശ്ചിമേഷ്യയയിലെ സംഘർഷങ്ങൾക്ക് ഉടന്‍ അയവുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ട്. വെള്ളിയാഴ്ച തെൽ അവീവിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൺ സാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നിരുന്നാലും ശാശ്വതമായ പരിഹാരത്തിനായി ഫ്രാൻസും സഖ്യകക്ഷികളും തുടർന്നും പരിശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഘർഷം കുറയ്ക്കുന്നതിനും ലബനാനിൽ വെടിനിർത്തൽ നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ലബനാൻ സന്ദർശിച്ച ശേഷമാണ് ബാരോട്ട് ഇസ്രായേലിലെത്തിയത്. വാർത്താസമ്മേളനത്തിനിടെ ഇറാന്റെ മിസൈൽ ആക്രമണത്തെക്കുറിച്ച് സൈന്യം മുന്നറിയിപ്പ് നൽകിയതിനെതുടർന്ന് ഫ്രഞ്ച് വിദേശ കാര്യ മന്ത്രിയും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ബോംബ് ഷെൽട്ടറിലേക്ക് മാറുകയായിരുന്നു. ലബനാനുമായി ചരിത്രപരമായ ബന്ധമുള്ള ഫ്രാൻസ്, അമേരിക്കയോടൊപ്പം ചേർന്ന് മധ്യസ്ഥശ്രമങ്ങൾ നടത്തുന്നുണ്ട്.
ഇറാനെ പിന്തുണക്കുന്ന ഹിസ്ബുല്ലയെ നിരായുധരാക്കാൻ ലബനാൻ സൈന്യം സാധ്യമായതെല്ലാം ചെയ്യണമെന്ന് ബാരോട്ട് ആവശ്യപ്പെട്ടു. തെക്കൻ ലബനാനിലെ ഇസ്രായേലിന്റെ നീക്കങ്ങളിൽ പാരീസിന്റെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. ഇസ്രായേലുമായി നേരിട്ടുള്ള ചർച്ചകൾക്ക് ലബനാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും വൈകിപ്പോയെന്ന് പറഞ്ഞ് ഇസ്രായേൽ നിരസിച്ചിരിക്കുകയാണ്.



