പി.പി ചെറിയാൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലെന്ന് പുതിയ സർവേ ഫലങ്ങൾ. ഇറാൻ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്.
ലേറ്റസ്റ്റ് സർവേ പ്രകാരം ട്രംപിന്റെ അംഗീകാരം 42 ശതമാനമായി കുറഞ്ഞു. ജനുവരിയിൽ ഇത് 48 ശതമാനമായിരുന്നു. ഇറാൻ യുദ്ധം ആരംഭിച്ച മാർച്ചിൽ ഇത് 44 ശതമാനമായിരുന്നു.
ഭരണകൂടം പ്രതീക്ഷിച്ചതിലും അധികമായി യുദ്ധം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ അമർഷമുണ്ടാക്കുന്നു. യുദ്ധത്തിൽ ഇതുവരെ 7 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യുദ്ധം തുടങ്ങിയതെന്ന് ആരോപിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് ഈ ആഴ്ച രാജിവെച്ചിരുന്നു.
യുദ്ധം കാരണം ഇന്ധനവില കുത്തനെ ഉയരുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. അമേരിക്കക്കാരുടെ ക്രെഡിറ്റ് കാർഡ് കടം റെക്കോർഡ് തുകയായ 1.2 ട്രില്യൺ ഡോളറിൽ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന മുൻ കോൺഗ്രസ് അംഗം മാർജോറി ടെയ്ലർ ഗ്രീൻ പോലും യുദ്ധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തി. കൂടാതെ യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ സഖ്യകക്ഷികളും യുദ്ധത്തിൽ ഇടപെടാൻ വിസമ്മതിച്ചു.



