ഓട്ടവ: ലാറ്റിൻ അമേരിക്കയിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനും ആഗോള വ്യാപാര നിയമങ്ങൾ നിലനിർത്തുന്നതിനും കാനഡയുടെ സഹകരണം തേടി കോസ്റ്റാ റീക്ക. അടുത്തിടെ ഓട്ടവയിൽ നടത്തിയ സന്ദർശനത്തിനിടെ കോസ്റ്റാ റീക്കൻ വ്യാപാര മന്ത്രി മാനുവൽ ടോവർ റിവേരയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൻശക്തികളുടെ സാമ്പത്തിക സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാര കൂട്ടായ്മയായ സി.പി.ടി.പി.പിയിൽ (CPTPP) ചേരാനുള്ള കോസ്റ്റാ റീക്കയുടെ നീക്കം കാനഡയുമായുള്ള സാമ്പത്തിക ബന്ധം ശക്തമാക്കും. ഇത് ഗോതമ്പ്, പഞ്ചസാര കയറ്റുമതിയിലും വിനോദസഞ്ചാര മേഖലയിലും വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ചൈനയുടെയും അമേരിക്കയുടെയും സാമ്പത്തിക നിയന്ത്രണങ്ങൾക്കെതിരെ ഒരു ആഗോള സഖ്യം രൂപീകരിക്കുക എന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയതന്ത്ര നീക്കങ്ങൾക്ക് കോസ്റ്റാ റീക്കയുടെ പിന്തുണയുണ്ട്.
മേഖലയിലെ സുരക്ഷ, ലഹരിക്കടത്ത് തടയൽ, അനധികൃത കുടിയേറ്റം നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കാനഡയും ലാറ്റിനമേരിക്കൻ രാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കണമെന്നും റിവേര ആവശ്യപ്പെട്ടു. സുസ്ഥിരമായ വിതരണ ശൃംഖലകളും ജനാധിപത്യ മൂല്യങ്ങളും ഉറപ്പാക്കുന്നത് വഴി വൻശക്തികളുടെ ചൂഷണം ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



