ദുബൈ: ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന യു.എസ് കമ്പനികളെ ഇന്നുമുതൽ ആക്രമിക്കുമെന്നും ജീവനക്കാർ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പുമായി ഇറാൻ റവലൂഷനറി ഗാർഡ്സ്. ബുധനാഴ്ച രാത്രി തെഹ്റാൻ സമയം എട്ടുമുതൽ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. യു.എസ്-ഇസ്രായേൽ സേനകൾ ഇറാനിലെ മരുന്നുകമ്പനികളും യൂനിവേഴ്സിറ്റികളും ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഭീഷണി.
തെഹ്റാനിൽ ചൊവ്വാഴ്ച ഇസ്രായേൽ ബോംബിട്ടു തകർത്ത മരുന്നു കമ്പനിയുടെ ചിത്രം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. രാജ്യത്ത് ഇതിനകം 21 യൂനിവേഴ്സിറ്റികളാണ് ഇസ്രായേൽ ബോംബിങ്ങിൽ തകർന്നത്. മറ്റ് അക്കാദമിക സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാനിലെ പ്രമുഖ എൻജിനീയറിങ് യൂനിവേഴ്സിറ്റികൾ പലതും ഇസ്രായേൽ തകർത്തിട്ടുണ്ട്. ഇതിന് തിരിച്ചടിയിലാണ് ഗൾഫ് മേഖലയിലുടനീളം ഇറാൻ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റ് അടക്കം കമ്പനികളെയും ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി.
ലബനാനിലും ഇസ്രായേൽ സമാനമായി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് തുടരുകയാണ്. ചൊവ്വാഴ്ച ബൈറൂത്ത് വിമാനത്താവള പരിസരത്ത് ആക്രമണം നടന്നു. യു.എൻ സമാധാന സൈനികരെയും ഇസ്രായേൽ വധിച്ചിരുന്നു.



