തെഹ്റാൻ: സാധാരണക്കാരായ അമേരിക്കൻ ജനതയോട് ഇറാന് യാതൊരുവിധ ശത്രുതയുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ബുധനാഴ്ച അമേരിക്കൻ ജനതക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
‘ജനങ്ങളും സർക്കാരും രണ്ടാണ്. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള സാധാരണ ജനങ്ങളോട് ഇറാനികൾക്ക് വിരോധമില്ല. വിദേശ ഇടപെടലുകൾക്കും സമ്മർദങ്ങൾക്കും ഇടയിലും, ഭരണകൂടങ്ങളെയും അവിടുത്തെ ജനങ്ങളെയും വേർതിരിച്ചു കാണാൻ ഇറാൻ ജനതക്ക് സാധിക്കുന്നുണ്ട്. ഇത് ഇറാനിയൻ സംസ്കാരത്തിന്റെ ഭാഗമാണ്’ പെസെഷ്കിയാൻ പറഞ്ഞു. ഇറാൻ ഒരു ഭീഷണിയാണെന്ന വാദം രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്കായി വൻശക്തികൾ നിർമിച്ചെടുക്കുന്നതാണ്. സൈനിക ആധിപത്യം നിലനിർത്താനും ആയുധ വിപണി സജീവമാക്കാനും വേണ്ടി ശത്രുക്കളെ അവർ കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സ് രൂപീകൃതമായ ശേഷം ഇറാൻ ഇതുവരെ ഒരു യുദ്ധവും തുടങ്ങിയിട്ടില്ല. എന്നാൽ ഇറാന് ചുറ്റും അമേരിക്ക താവളങ്ങൾ സ്ഥാപിച്ച് സൈനിക നീക്കം നടത്തുകയാണ്. ഇതിനെതിരെയുള്ള ഇറാന്റെ നടപടികൾ കേവലം ആത്മരക്ഷാർത്ഥമുള്ളവ മാത്രമാണെന്നും അത് യുദ്ധാഹ്വാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിന് വേണ്ടി അമേരിക്ക ‘പ്രോക്സി’ യുദ്ധം ചെയ്യുകയാണോ എന്ന് പെസെഷ്കിയാൻ കത്തിൽ ചോദിച്ചു.



