വാഷിങ്ടൻ : ആറു വർഷം മുൻപ് യുഎസ് സൈന്യം വധിച്ച ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും യുഎസിൽ കുടിയേറ്റ അധികൃതർ അറസ്റ്റ് ചെയ്തു. ഹമീദ സുലൈമാനി അഫ്സഹറിനെയും മകളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർ യുഎസിൽ സ്ഥിരതാമസക്കാർ ആയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇവരുടെ ഗ്രീൻ കാർഡ് റദ്ദാക്കിയതോടെയാണ് അറസ്റ്റ്. ഇനി നാടുകടത്തിയേക്കും.
ഹമീദയുടെ ഭർത്താവിന് യുഎസിൽ പ്രവേശിക്കാനും വിലക്ക് ഏർപ്പെടുത്തി. ഇറാനെ അനുകൂലിച്ചുള്ള ഹമീദയുടെ സമൂഹമാധ്യമ പോസ്റ്റുകളും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പരാമർശിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്തായിരുന്നു സുലൈമാനിയെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി.



