തെഹ്റാൻ: സൗത്ത് പാർസ് പ്രകൃതി വാതക പാടത്തിലെ പെട്രോകെമിക്കൽ പ്ലാന്റ് ആക്രമിച്ച് ഇസ്രായേൽ. മധ്യസ്ഥ രാജ്യങ്ങൾ വഴി യു.എസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾക്ക് തിരിക്കട്ട നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇറാന്റെ തന്ത്രപ്രധാന ഊർജ സ്രോതസ്സായ വാതക പാടത്തിനുനേരെ ഇസ്രായേലിന്റെ ആക്രമണം നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരമാണ് ഖത്തർ തീരത്തിനും ഇറാൻ തീരത്തിനുമിടയിൽ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് പ്രകൃതി വാതക പാടം.
ഇതിൽ ഇറാന്റെ ഭാഗത്തുള്ളത് സൗത്ത് പാർസ് എന്നും ഖത്തറിന്റെ ഭാഗത്തുള്ളത് നോർത്ത് പാർസ് എന്നുമാണ് അറിയപ്പെടുന്നത്. ഇറാന്റെ ഏറ്റവും വലിയ പെട്രോകെമിക്കൽ പ്ലാന്റിൽ ശക്തമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഇറാന്റെ പെട്രോകെമിക്കൽ ഉൽപാദനത്തിന്റെ പകുതിയും ഈ പ്ലാന്റിലാണ് നടക്കുന്നത്. കൂടാതെ, തെക്കൻ ഇറാനിലെ മാർവ്ദഷ്ത് നഗരത്തിലെ പെട്രോകെമിക്കൽ സമുച്ചയത്തിലും അമേരിക്ക-ഇസ്രായേൽ സഖ്യം ആക്രമണം നടത്തിയതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗത്ത് പാർസിൽ ഇസ്രായേലിന്റെ ആക്രമണം മൂലം ഉണ്ടായ തീ മിനിറ്റുകൾക്കുള്ളിൽ നിയന്ത്രണ വിധേയമാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
റിപ്പോർട്ടുകളോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ മാർച്ചിൽ സൗത്ത് പാർസിൽ ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ യു.എസ് ഇടപെട്ടിരുന്നു. ആഗോളതലത്തിൽ പ്രകൃതി വാതക ക്ഷാമം രൂക്ഷമാക്കുമെന്നതിനാൽ, ഇനി സൗത്ത് പാർസിൽ ആക്രമണം നടത്തരുതെന്നും ട്രംപ് കർശന നിർദേശം നൽകിയിരുന്നു.



