വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി ഡോണാൾഡ് ട്രംപ്. ഒരു യഥാർത്ഥ കരാറിൽ എത്തുന്നത് വരെ അമേരിക്കൻ സൈന്യം ഇറാന്റെ അതിർത്തികളിൽ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനെ പൂർണ്ണമായും തകർക്കാൻ ശേഷിയുള്ള ആയുധങ്ങളും വെടിക്കോപ്പുകളുമായി യു.എസ് കപ്പലുകളും വിമാനങ്ങളും സൈനികരും ഇറാന് ചുറ്റും നിലയുറപ്പിക്കും. ഹുർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകുമെന്നും ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്നും വെടിനിർത്തൽ സമയത്ത് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്. ഇത് ലംഘിച്ചാൽ പ്രത്യാഘാതം കഠിനമായിരിക്കും.
കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ഇതിനുമുമ്പ് ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. പിന്നെ വെടിവെപ്പ് തുടങ്ങും എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ പുതിയ സങ്കീർണ്ണതകൾ ഉടലെടുത്തിട്ടുണ്ട്.
വെടിനിർത്തൽ കരാർ വന്നതിന് തൊട്ടുപിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ വൻതോതിൽ വ്യോമാക്രമണം നടത്തി. ബുധനാഴ്ച മുതൽ നടന്ന ആക്രമണങ്ങളിൽ 250ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇറാനുമായുള്ള വെടിനിർത്തൽ ഹിസ്ബുള്ളക്ക് ബാധകമല്ലെന്നും അവരെ തകർക്കുന്നത് തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി.
ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ സൈനിക നീക്കം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നാണ് ഇറാന്റെ വാദം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹുർമുസ് കടലിടുക്ക് അടയുന്നത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.



