Friday, April 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനെതന്യാഹുവിന്റെ അഴിമതി കേസിലെ വിചാരണ ഞായറാഴ്ച പുനരാരംഭിക്കും

നെതന്യാഹുവിന്റെ അഴിമതി കേസിലെ വിചാരണ ഞായറാഴ്ച പുനരാരംഭിക്കും

തെൽ അവീവ്: അമേരിക്കയും ഇറാനും താൽക്കാലിക വെടിനിർത്തൽ കരാറിലെത്തിയതിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് കുരുക്ക് മുറുകുന്നു. അഴിമതി കേസിലെ വിചാരണ ഞായറാഴ്ച പുനരാരംഭിക്കും. ഇറാനുമായുള്ള യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചതിനു പിന്നാലെയാണ് ഇസ്രായേലിൽ കോടതി നടപടികൾ പുനരാരംഭിക്കുന്നത്.

അടിയന്തരാവസ്ഥ പിൻവലിക്കുകയും നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്തതോടെ, വിചാരണ നടപടികൾ പതിവുപോലെ പുനരാരംഭിക്കുമെന്ന് കോടതി വക്താവ് അറിയിച്ചു. 2020ലാണ് നെതന്യാഹുവിനെതിരായ അഴിമത കേസിൽ വിചാരണ ആരംഭിക്കുന്നത്. നെതന്യാഹുവിനെതിരായ ഒന്നാമത്തെ കേസിൽ അദ്ദേഹവും ഭാര്യ സാറയും 260,000 ഡോളർ മൂല്യം വരുന്ന ആഡംബര ഉൽപന്നങ്ങളായ സിഗരറ്റ്, ജ്വല്ലറി, ഷാംപെയ്ൻ എന്നിവ ശതകോടീശ്വരൻമാരിൽ നിന്ന് വാങ്ങിയെന്നാണ് കേസ്. രണ്ടാമത്തെ കേസ് മാധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ്.

അധികാരത്തിലിരിക്കെ വിചാരണ നേരിടുന്ന ആദ്യത്തെ ഇസ്രായേൽ പ്രധാനമന്ത്രിയാണ് നെതന്യാഹു. നേരത്തെ, അഴിമതി കേസിൽ മൊഴി രേഖപ്പെടുത്തുന്നത് നീട്ടണമെന്നാവശ്യപ്പെട്ട് നെതന്യാഹു നൽകിയ ഹരജി കോടതി തള്ളിയിരുന്നു. നെതന്യാഹുവിനെതിരായ വിചാരണ റദ്ദാക്കുകയോ അദ്ദേഹത്തെ വെറുതെ വിടുകയോ ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. അതേസമയം, യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിന്‍റെ ഭാവി അനിശ്ചിതത്വത്തിലാക്കി ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്.

ഹിസ്ബുല്ലയെ ആവശ്യമുള്ളിടത്തെല്ലാം ആക്രമിക്കുന്നത് തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ല നേതാവ് നയിം ഖാസിമിന്റെ സെക്രട്ടറി അലി യൂസഫ് ഹർഷിയെ ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) വധിച്ചതായും നെതന്യാഹു പറഞ്ഞു. ലെബനാൻ വെടിനിർത്തലിന്റെ ഭാഗമാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ അല്ലെന്നാണ് ഇസ്രായേലും യു.എസും വാദിക്കുന്നത്. ഇതേ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനാൽ ഹുർമുസ് കടലിടുക്ക് പൂർണമായി തുറന്നിട്ടില്ല. ലെബനാനിലെ ഇസ്രയേൽ ആക്രണത്തെ യു.കെ, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments