അലക്സ് അലക്സാണ്ടർ (ഡാളസ് )
ഫ്രിസ്കോ (ടെക്സസ്): അമേരിക്കയിലെ ഫ്രിസ്കോയിൽ നടന്ന സിറ്റി കൗൺസിൽ യോഗത്തിൽ കുടിയേറ്റക്കാർക്കും ഇന്ത്യക്കാർക്കും എതിരെ ഉയരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ വംശജയായ അങ്കിത. ഫ്രിസ്കോ, പ്ലാനോ, ഇർവിംഗ് എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ കുടിയേറ്റക്കാരെ പരസ്യമായി ലക്ഷ്യം വെക്കുന്നതിനെ അവർ വിമർശിച്ചു.
മികച്ച അവസരങ്ങൾ തേടി അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർ വിവേചനവും ചൂഷണവും നാടുകടത്തൽ ഭീഷണിയും നേരിടുകയാണെന്ന് അങ്കിത ചൂണ്ടിക്കാട്ടി.അമേരിക്ക കെട്ടിപ്പടുക്കപ്പെട്ടത് കുടിയേറ്റക്കാരാലാണെന്ന സത്യം വിമർശകർ വിസ്മരിക്കുകയാണെന്ന് അവർ ഓർമ്മിപ്പിച്ചു.
കുടിയേറ്റക്കാരെ അടിച്ചമർത്താൻ പണം ചിലവഴിക്കുന്നതിന് പകരം ആരോഗ്യം, പാർപ്പിടം എന്നീ മേഖലകളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇന്ത്യൻ വംശജരായ കുട്ടികൾ ഓൺലൈനിലും അല്ലാതെയും ലക്ഷ്യം വെക്കപ്പെടുന്നതിൽ മറ്റൊരു പ്രസംഗകയായ പ്രണവി ചത്രതി ആശങ്ക രേഖപ്പെടുത്തി.
സമൂഹത്തിൽ ഭയവും ഭിന്നിപ്പും ഉണ്ടാക്കുന്ന ഇത്തരം വർണ്ണവിവേചന പ്രസംഗങ്ങൾക്കെതിരെ അധികൃതർ നടപടിയെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.



