ന്യൂയോർക്ക്:യുദ്ധങ്ങളും സംഘർഷങ്ങളും കലുഷിതമാക്കുന്ന ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകർന്നുനൽകാൻ സംഗീതവുമായി ‘സാധക’ മ്യൂസിക് ഫൗണ്ടേഷൻ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാധക സ്കൂൾ ഓഫ് മ്യൂസിക്കും, കേരളത്തിലെ സാധക മ്യൂസിക് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “സ്നേഹാർദ്ര ഗീതങ്ങൾ – വോയിസസ് ഫോർ വേൾഡ് പീസ്” (Voices for World Peace) എന്ന ഓൺലൈൻ സംഗീത പരിപാടി ഏപ്രിൽ 18, 19 തീയതികളിൽ നടക്കും.
ഭാരതീയ ശാസ്ത്രീയ സംഗീതത്തെ പ്രവാസലോകത്ത് സജീവമായി നിലനിർത്തുന്നതിനൊപ്പം, കലയെ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഗോള സംഗീത സംഗമം ഒരുങ്ങുന്നത്.
പ്രമുഖ കലാകാരന്മാരും,
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ പി. മനോജ് കുമാർ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നീലേശ്വരം സ്വദേശിയായ അദ്ദേഹം സംഗീതത്തെയും, മറ്റ് ഇതര കലകളെയും നെഞ്ചിലേറ്റുന്ന വ്യക്തിത്വമാണ്. മലയാള സംഗീത ലോകത്തെ ഇതിഹാസങ്ങളായ ശ്രീ. ജെറി അമൽദേവ്, പണ്ഡിറ്റ് രമേശ് നാരായൺ, ശ്രീ. ബേണി എന്നിവർക്കൊപ്പം പ്രശസ്ത ഗായകൻ ശ്രീ.സുദീപ് കുമാർ, മധുശ്രീ നാരായൺ എന്നിവരും പരിപാടിയുടെ ഭാഗമാകും. കൂടാതെ സ്റ്റാർ സിംഗർ ഫെയിം തീർത്ഥ സത്യൻ, കൃഷ്ണ ശ്രീ തുടങ്ങി നിരവധി യുവ പ്രതിഭകളും ഈ സംഗീത യജ്ഞത്തിൽ അണിനിരക്കും.
സാമൂഹിക പ്രതിബദ്ധതയോടെ
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി സംഗീത മേഖലയിൽ സജീവമായ സാധക, ഇതിനുമുമ്പും നിരവധി ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. 2017-ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച് ന്യൂജേഴ്സിയിൽ നടത്തിയ ഗാനാർച്ചന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിൽ പ്രശസ്ത സംവിധായകൻ ശ്രീ. സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്ത ഫൗണ്ടേഷൻ, അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിലും മുൻപന്തിയിലുണ്ട്.
പരിപാടി വിവരങ്ങൾ
*സൂം (Zoom) പ്ലാറ്റ്ഫോമിലൂടെയാണ് ഈ ഓൺലൈൻ സംഗീത വിരുന്ന് നടക്കുക.
*തീയതിയും സമയവും ഏപ്രിൽ 18 ശനിയാഴ്ച – രാത്രി 9:30 PM ( EST ) USA.
ഏപ്രിൽ 19 ഞായർ – രാവിലെ 7:00 ( IST ) INDIA.
Meeting ID: 836 4742 6675
സാധക ഡയറക്ടർ കെ.ഐ. അലക്സാണ്ടറുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഈ പരിപാടിയിൽ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് പങ്കുചേരാവുന്നതാണ്. സംഗീതത്തിലൂടെ സമാധാനത്തിന്റെ ഒരു പുതിയ തരംഗം സൃഷ്ടിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :+1 267 632 1557



