തെഹ്റാൻ: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധത്തെ വെല്ലുവിളിച്ച് റഷ്യൻ കോടീശ്വരന്റെ ആഡംബര നൗക യാത്ര നടത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്ത അനുയായിയും സ്റ്റീൽ വ്യവസായിയുമായ അലക്സി മൊർദാഷോവിന്റെ ഉടമസ്ഥതയിലുള്ള ‘നോർഡ്’ എന്ന സൂപ്പർയാച്ചാണ് സംഘർഷഭരിതമായ കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോയത്.
ഏകദേശം 500 മില്യൺ ഡോളർ (4,200 കോടി രൂപ) വിലമതിക്കുന്ന, 142 മീറ്റർ നീളമുള്ള ഈ അത്യാധുനിക കപ്പൽ വെള്ളിയാഴ്ച രാത്രിയാണ് ദുബായിൽനിന്ന് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ ഒമാൻ തലസ്ഥാനമായ മസ്കത്തിലെ അൽ മൗജ് മറീനയിൽ കപ്പൽ നങ്കൂരമിട്ടു. മേഖലയിൽ അമേരിക്കൻ ഉപരോധം കടുപ്പിക്കുകയും സ്വകാര്യ കപ്പലുകൾ ഈ പാത ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റഷ്യൻ പതാകയേന്തിയ നോർഡിന്റെ ഈ നിർണായക നീക്കം.
ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള തർക്കം തുടരുന്നതിനിടെ ഇറാനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്സ്ബർഗിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയും വ്ലാഡ്മിർ പുടിനും നടത്തിയ കൂടിക്കാഴ്ച ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. അമേരിക്കൻ-ഇസ്രായേൽ സമ്മർദ്ദങ്ങൾക്കിടയിലും പരമാധികാരത്തിനായി പോരാടുന്ന ഇറാന് പുടിൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ, എൽ.എൻ.ജി വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോള സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്നതിനാൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109 ഡോളറായി ഉയർന്നു.
യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് യു.എസ്, യു.കെ, ഇയു രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ വ്യക്തിയാണ് അലക്സി മൊർദാഷോവ്. എന്നാൽ ഹോങ്കോങ്ങും മാലിദ്വീപും നേരത്തെ ഈ കപ്പൽ പിടിച്ചെടുക്കാൻ വിസമ്മതിച്ചിരുന്നു. നിലവിൽ കപ്പൽ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള കമ്പനിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



