‘സ്റ്റാർലിങ്ക്’ ഉപകരണങ്ങൾ രഹസ്യമായി ഇറാനിലേക്ക്, വിലക്ക് മറികടന്ന് ഉപയോഗം; അറസ്റ്റിലായവരുടെ എണ്ണം 100 കടന്നു

Global Indian Writer · May 4, 2026 · 1 min read · 0 Comments · 0 Shares

ടെഹ്റാൻ ∙ യുദ്ധം തകർത്ത ഇറാനിൽ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ മറികടന്ന് ‘സ്റ്റാർലിങ്ക്’ ഇന്റർനെറ്റ് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്ന വിപുലമായ ശൃംഖല പ്രവർത്തിക്കുന്നതായി ബിബിസി റിപ്പോർട്ട്. രാജ്യത്ത് ഇന്റർനെറ്റ് നിയമവിരുദ്ധമാണെങ്കിലും പുറംലോകവുമായി ബന്ധം നിലനിർത്താൻ ജനങ്ങൾ ഈ രഹസ്യ മാർഗത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ രാജ്യത്തുണ്ടായ വൻ പ്രതിഷേധങ്ങളെത്തുടർന്നാണ് ഇറാൻ അധികൃതർ ഇന്റർനെറ്റ് പൂർണമായും നിരോധിച്ചത്.

ഫെബ്രുവരിയിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെ കൊല്ലപ്പെട്ട ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ നിയന്ത്രണം കൂടുതൽ കടുപ്പിച്ചിരുന്നു. ഇറാനിലെ ഡിജിറ്റൽ ലോകം ഇരുട്ടിലാകാതിരിക്കാൻ അതിർത്തികൾ വഴി അതിസങ്കീർണമായ രീതിയിലാണ് സ്റ്റാർലിങ്ക് ഉപകരണങ്ങൾ കടത്തുന്നത്. ഒരാൾക്കെങ്കിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ കഴിഞ്ഞാൽ അത് വലിയ വിജയമാണെന്ന് ഈ ദൗത്യത്തിൽ പങ്കാളിയായ സഹാന്ദ് (യഥാർഥ പേരല്ല) ബിബിസിയോട് പറഞ്ഞു.

ഒരു ടെർമിനൽ ഉപയോഗിച്ച് ഒരേസമയം നിരവധി പേർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഭരണകൂടത്തിന്റെ നിരീക്ഷണം പൂർണമായും ഒഴിവാക്കാം എന്നതാണ് സ്റ്റാർലിങ്കിന്റെ പ്രത്യേകത. 2025ൽ ഇറാൻ പാസാക്കിയ നിയമപ്രകാരം സ്റ്റാർലിങ്ക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പത്തിൽ കൂടുതൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്ക് 10 വർഷം വരെ തടവ് ലഭിക്കാം. ഇതുവരെ നൂറോളം പേർ സ്റ്റാർലിങ്ക് കൈവശം വച്ചതിന് അറസ്റ്റിലായിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ, ജീവൻ പണയപ്പെടുത്തിയും ഈ ഉപകരണങ്ങൾക്കായി ഇറാനികൾ കാത്തിരിക്കുകയാണ്.

നിലവിൽ ഏതാണ്ട് 50,000 സ്റ്റാർലിങ്ക് ഉപകരണങ്ങൾ ഇറാനിൽ ഉണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ വിറ്റ്നസ് കണക്കാക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇറാനികളും മറ്റ് സന്നദ്ധ പ്രവർത്തകരുമാണ് ഈ രഹസ്യ നീക്കത്തിനു പണം നൽകുന്നത്. ഇതിൽ യാതൊരു സർക്കാർ സഹായവുമില്ലെന്ന് സഹാന്ദ് അവകാശപ്പെടുന്നു. രാജ്യത്ത് നടക്കുന്നത് എന്താണെന്ന് ലോകത്തെ അറിയിക്കാൻ ഇന്റർനെറ്റ് അത്യാവശ്യമാണെന്നും മാറ്റങ്ങൾ ആഗ്രഹിക്കുന്നവരുടെ കൈകളിൽ ഈ ഉപകരണങ്ങൾ എത്തണമെന്നുമാണ് ഇവരുടെ ലക്ഷ്യം.

Share this story

Leave a Comment

Your comment will be visible after admin approval.