‘ബർത്ത് ടൂറിസം’ പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കെതിരെ അന്വേഷണം

Global Indian Writer · May 15, 2026 · 1 min read · 0 Comments · 0 Shares

വാഷിംഗ്ടൺ: വിദേശ ഗർഭിണികളെ അമേരിക്കയിലെത്തിച്ച് പ്രസവത്തിലൂടെ കുട്ടികൾക്ക് യു.എസ് പൗരത്വം നേടിക്കൊടുക്കുന്ന ‘ബർത്ത് ടൂറിസം’ പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കെതിരെ യു.എസ് ഭരണകൂടത്തിൻ്റെ അന്വേഷണം. കാലിഫോർണിയയിലെ സാൻ ഹോസെയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. അതിയ ജാവേദിനെതിരെയാണ് യു.എസ് ഹൗസ് കമ്മിറ്റി ഓൺ ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റിഫോംസ് അന്വേഷണം ആരംഭിച്ചത്. ഡോക്ടറോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കമ്മിറ്റി നോട്ടീസ് അയച്ചു.

ഹൈദരാബാദിൽ നിന്ന് വൈദ്യശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. അതിയ ജാവേദ്, തൻ്റെ വെബ്‌സൈറ്റ് വഴി വിദേശ ഗർഭിണികൾക്കായി പ്രത്യേക പാക്കേജുകൾ പരസ്യം ചെയ്തു എന്നാണ് കണ്ടെത്തൽ. ചികിത്സയ്ക്ക് പുറമെ താമസം, യാത്രാ സൗകര്യങ്ങൾ, നിയമോപദേശം തുടങ്ങിയ അധിക സേവനങ്ങളും ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഡോ. അതിയയെ കൂടാതെ ‘ഡൊക്ടറേസ് പാരാ തി’, ‘ഹാവ് മൈ ബേബി ഇൻ മയാമി’, ‘ഇൻ്റർനാഷണൽ മെറ്റേണിറ്റി സർവീസസ്’ എന്നീ മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും യു.എസ് ജനപ്രതിനിധികളായ ജെയിംസ് കോമർ, ബ്രാൻഡൻ ഗിൽ എന്നിവർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ ലഭിക്കുന്ന പൗരത്വ ആനുകൂല്യം ലക്ഷ്യമിട്ടാണ് വിദേശികൾ ഈ വഴി തിരഞ്ഞെടുക്കുന്നത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ കൂടുതലായി എത്തുന്നതെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും തെരഞ്ഞെടുപ്പ് സുതാര്യതയ്ക്കും ഭീഷണിയാണെന്നും യു.എസ് അധികൃതർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ടൂറിസ്റ്റ് വിസയിലെത്തി പ്രസവിക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമല്ലെങ്കിലും, വിസ അപേക്ഷയിൽ യഥാർത്ഥ ലക്ഷ്യം മറച്ചുവെക്കുന്നത് വഞ്ചനയായി കണക്കാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി.ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് പരിമിതപ്പെടുത്തിക്കൊണ്ട് 2025 ജനുവരിയിൽ പ്രസിഡൻ്റ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഫെഡറൽ കോടതി ഇതിന് താൽക്കാലിക സ്റ്റേ അനുവദിച്ചതിനാൽ നിലവിൽ കേസ് യു.എസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Share this story

Leave a Comment

Your comment will be visible after admin approval.