തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷമിത് 99.05 ശതമാനമായിരുന്നു. 20,771 പെൺകുട്ടിളും 9743 ആൺകുട്ടികളുമുൾപ്പെടെ 30,514 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവാണ് ഉണ്ടായത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ തവണ 61,449 ആയിരുന്നു. ആകെ 4,14290 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 4,10,456 വിദ്യാർഥികൾ തുടർ വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
ലക്ഷദ്വീപ്പ് ഉൾപ്പെടെ 3059 സ്കൂളുകകളിൽ പരീക്ഷ നടത്തി. 97.67 ശതമാനമാണ് ലക്ഷദ്വീപിലെ വിജയശതമാനം. ഗൾഫിൽ പരീക്ഷ എഴുതിയ 631 കുട്ടികളും യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതലുള്ള പത്തനംതിട്ട റവന്യൂ ജില്ലയിൽ (99.72%). കുറവുള്ള റവന്യൂ ജില്ല തിരുവനന്തപുരം. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് കൊല്ലം ജില്ലയിൽ. കലാമണ്ഡലത്തിൽ 74 പേരിൽ 73 പേർ യോഗ്യത നേടി. 767 സർക്കാർ സ്കൂളുകളിൽ 100 മേനി വിജയം. മലപ്പുറം പികെഎംഎം എച്ച്എസ്എസ് എടരിക്കോട് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് ( 2,030) ,2,026 വിദ്യാർത്ഥികൾ വിജയിച്ചു.
സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് ഈ മാസം അവസാനം സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. പുനർമൂല്യ നിർണയത്തിന് മെയ് 16 മുതൽ 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂൺ ആദ്യവാരം ആരംഭിക്കും. ജൂൺ മാസവസാനം പരീക്ഷാഫലം പ്രഖ്യാപിക്കും. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിരിക്കും. 25 മുതൽ പ്ലസ് വൺ അപേക്ഷ സമർപ്പിക്കാം. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്തക വിതരണം പൂർത്തിയാക്കും. പ്ലസ് വൺ പ്രവേശന നടപടികൾ അടിയന്തരമായി ആരംഭിക്കും.
ഫലം അറിയാൻ
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽറ്റുകൾക്ക് പുറമെ സ്കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. കൂടാതെ, ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.
Leave a Comment
Your comment will be visible after admin approval.