ടെക് ലോകത്ത് വലിയ ചർച്ചയായ മെറ്റയിലെ കൂട്ടപ്പിരിച്ചുവിടൽ മെയ് 20 ബുധനാഴ്ച. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി തങ്ങളുടെ വടക്കേ അമേരിക്കൻ ജീവനക്കാരോട് അന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്.
മെറ്റയിലെ ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകൾ നിർത്തലാക്കുകയും ചെയ്യും. അതിനിടെ, നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകൾ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയിൽ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും എച്ച്ആർ മേധാവി ജാനൽ ഗെയിൽ അയച്ച ആഭ്യന്തര മെമ്മോ ചോർന്നുകിട്ടിയതിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
പിരിച്ചുവിടൽ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ പറയുന്നു. പല ടീമുകൾക്കും നിലവിൽ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവർത്തിക്കാൻ കഴിയും. പല സ്ഥാപനങ്ങൾക്കും ലളിതമായ ഘടനയോടെ പ്രവർത്തിക്കാൻ കഴിയുന്ന ഘട്ടമാണിത്. പുനർവിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉൾക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയിൽ പറയുന്നു.
യുഎസിൽ പിരിച്ചുവിടപ്പെടുന്നവർക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ആനുകൂല്യമായി ലഭിക്കും. കൂടാതെ മെറ്റയിൽ ജോലി ചെയ്ത ഓരോ വർഷവും കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഹെൽത്ത് കെയറും കരിയർ പിന്തുണയും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിന് പുറത്തുള്ള ജീവനക്കാർക്ക് വ്യത്യസ്തമായ പാക്കേജുകൾ ലഭിക്കും.
2026-ൽ 125 ബില്യൺ മുതൽ 145 ബില്യൺ ഡോളർ വരെ മൂലധന ചെലവാണ് മെറ്റ പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂരിഭാഗവും എഐ ഡാറ്റാ സെന്ററുകൾ, എഐ മോഡലുകളുടെ പരിശീലനം എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്. എഐയുമായി ബന്ധപ്പെട്ട വൻ മൂലധനച്ചെവല് കണ്ടെത്തുന്നതിനാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്.
അതിനിടെ, കമ്പനിക്കുള്ളിൽ ജീവനക്കാരുടെ മാനസികാവസ്ഥ പെട്ടെന്ന് മോശമായതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നിലവിൽ മോഡൽ കേപ്പബിലിറ്റി ഇനിഷ്യേറ്റീവ് എന്ന പുതിയ സംവിധാനം എഐ ഏജന്റുകളെ പരിശീലിപ്പിക്കുന്നതിനായി മെറ്റ ജീവനക്കാരുടെ കീസ്ട്രോക്കുകളും മൗസ് ചലനങ്ങളും രേഖപ്പെടുത്തുന്നുണ്ട്. അത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സിഇഓ മാർക്ക് സക്കർബർഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഡേറ്റ നിരീക്ഷണത്തിന് ഉപയോഗിക്കില്ലെന്നും ജീവനക്കാർ എങ്ങനെ കമ്പ്യൂട്ടർ ഉപയോഗിക്കുന്നുവെന്ന് എഐക്ക് പഠിപ്പിക്കാൻ മാത്രമുള്ളതാണെന്നുമാണ് സക്കർബർഗ് വിശദീകരിച്ചത്.
Leave a Comment
Your comment will be visible after admin approval.