വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ യു. പ്രതിഭ

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: മകനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സി.പി.എം ജില്ല കമ്മിറ്റിയിൽ അനുമതി തേടി മുൻ എം.എൽ.എ യു. പ്രതിഭ. ഈ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭക്ക് ജയിക്കാൻ അർഹതയില്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞുവെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ നീക്കം.

ചർച്ചയിൽ ജി. സുധാകരൻ കുട്ടിച്ചാത്തനാണോയെന്നും പ്രതിഭ ചോദിച്ചു. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്. എവിടെ നിന്നാലും താൻ ജയിക്കുമായിരുന്നെന്ന സുധാകരന്റെ പരാമർശത്തോടാണ് പ്രതിഭയുടെ പ്രതികരണം. മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ബുധനാഴ്ചയും വിമർശനം രൂക്ഷമായി. നേതൃത്വം ശൈലി മാറ്റണം. തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ല. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ ജനവികാരം ശക്തമായിരുന്നു. ഇത് തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഒരുവിഭാഗം നേതാക്കൾ വിമർശിച്ചു.

എന്നാൽ, പിണറായിയെ പ്രതിരോധിച്ചും നേതാക്കൾ രംഗത്തെത്തി. എല്ലാ കുറ്റവും പിണറായിയുടെമേൽ ചുമത്തേണ്ടതില്ല. മുൻ വി.എസ് പക്ഷക്കാരായ നേതാക്കൾ അടക്കം പിണറായിയെ പിന്തുണച്ചു. പാർട്ടിയും മുന്നണിയുമാണ് തെരത്തെടുപ്പിനെ നേരിട്ടത്. അതിനാൽ പിണറായിയെ മാത്രം കുറ്റക്കാരനാക്കാനാവില്ല. സംസ്ഥാന കമ്മിറ്റി ഫലപ്രദമായി പ്രവർത്തിക്കുന്നില്ല, ജനകീയ ഇടപെടലുകൾ ദുർബലം, ആലപ്പുഴ ജില്ല നേതൃത്വം പരാജയം, സംഘടന സംവിധാന താഴേത്തട്ടിലേക്ക് എത്തുന്നില്ല, ബ്രാഞ്ചുകളുടെ യോഗം പോലും കൃത്യമായി നടക്കുന്നില്ല തുടങ്ങിയ വിമർശനങ്ങളുമുണ്ടായി.

Share this story

Leave a Comment

Your comment will be visible after admin approval.