വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിനും അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് ട്രഷറി വകുപ്പിന്റെ പുതിയ നീക്കം.
പ്രസിഡന്റ് ഡയസ് കാനലിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ ലിസ് ക്യൂസ്റ്റ പെരേസ, കാസ്ട്രോ കുടുംബത്തിലെ രണ്ട് അംഗങ്ങൾ, ക്യൂബൻ വിപ്ലവ സായുധ സേനാ മന്ത്രാലയം എന്നിവരുൾപ്പെടെ നാല് വ്യക്തികളെയും അഞ്ച് സ്ഥാപനങ്ങളെയുമാണ് പുതുതായി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുടെ ഈ നീക്കം പ്രതിഷേധാർഹമായ നടപടിയാണെന്ന് ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു. ക്യൂബക്ക് മേലുള്ള യു.എസിന്റെ അനാവശ്യ ഇടപെടലുകളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും വിദേശകാര്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിദൽ കാസ്ട്രോയുടെ സഹോദരൻ റൗൾ കാസ്ട്രോയിൽ നിന്ന് 2018ൽ അധികാരം ഏറ്റെടുത്ത 66 കാരനായ ഡയസ് കാനൽ, ക്യൂബൻ നയങ്ങൾക്കെതിരെയുള്ള യു.എസ് ഇടപെടലുകൾക്കെതിരെ കഴിഞ്ഞ മാസം ഹവാനയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെയുള്ള വാഷിങ്ടണിന്റെ നടപടികൾ സമീപകാലത്തായി കൂടുതൽ കർശനമായിരിക്കുകയാണ്.
കഴിഞ്ഞ മാസം ക്യൂബൻ വാർത്താവിനിമയ മന്ത്രി, പ്രമുഖ സൈനിക നേതാക്കൾ, പ്രധാന രഹസ്യാന്വേഷണ ഏജൻസി എന്നിവരുൾപ്പെടെ 11 ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, 1996ൽ രണ്ട് ക്യൂബൻ അഭയാർഥി വിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോക്കെതിരെ അമേരിക്ക കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പുതിയ ഉപരോധങ്ങളെക്കുറിച്ച് ക്യൂബൻ സർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Comment
Your comment will be visible after admin approval.