മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൺ സംഘടിപ്പിക്കുന്ന ദ്വൈവാർഷിക സമാപന കൺവൻഷനും അതിനോടനുബന്ധിച്ച് നടത്തുന്ന ഇലക്ഷൻ ഡിബേറ്റും ഇന്ന് (ശനി) വൈകിട്ട് 5 മണിക്ക് നടക്കുന്നു. എൽമോണ്ടിലെ സെൻറ് വിൻസൻറ് മലങ്കര കത്തോലിക്ക പള്ളി ആഡിറ്റോറിയത്തിൽ (St. Vincent DePaul Syro Malankara Cathedral, 1500 DePaul Street, Elmont, NY 11003) കൺവൻഷൻറെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ആർ.വി.പി മാത്യു ജോഷ്വ, ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ് (ഷാജി), സെക്രട്ടറി ബോബി, ട്രഷറർ ബിൻചു ജോൺ എന്നിവർ സംയുക്തമായി പ്രസ്താവിച്ചു.
ഫോമയുടെ നിലവിലെ നാഷണൽ ഔദ്യോഗിക ഭാരവാഹികളും, ഈ ജൂലൈ 31-ന് ഹ്യൂസ്റ്റണിൽ വച്ച് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ചടങ്ങിൽ പങ്കെടുക്കും. രണ്ട് പാനലിലായി ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ആറ് പേർ വീതം മത്സരിക്കുന്ന തെരഞ്ഞെടുപ്പിലെ 12 സ്ഥാനാര്‍ത്ഥികൾ മുഖാമുഖം നടത്തുന്ന വാശിയേറിയ ഇലക്ഷൻ ഡിബേറ്റ് ഈ കൺവൻഷനിലെ മുഖ്യ ആകർഷണമാണ്. “സ്നേഹപൂർവ്വം മുഖാമുഖം” എന്ന സംവാദത്തിലൂടെ ഇരു ടീമുകളും അടുത്ത രണ്ടു വർഷം ഫോമയുടെ പുരോഗതിക്കുവേണ്ടി നടത്തുവാനുദ്ദേശിക്കുന്ന അവരവരുടെ പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കും.
ഫ്ളോറിഡായിലുള്ള ബിജു തോണിക്കടവിലിൻറെ നേത്റുത്വത്തിൽ “ടീം വോയ്സ് ഓഫ് ഫോമാ” എന്ന പാനലിൽ പ്രസിഡന്റു സ്ഥാനത്തേക്ക് ബിജു തോണിക്കടവിൽ, ജനറൽ സെക്രട്ടറിയായി പോൾ പി. ജോസ്, ട്രഷറർ ആയി പ്രദീപ് നായർ, വൈസ് പ്രസിഡന്റായി ശാമുവേൽ മത്തായി, ജോയിൻറ് സെക്രട്ടറിയായി ഡോ. മഞ്ജു പിള്ള, ജോയിൻറ് ട്രഷറർ ആയി ജോൺസൺ കണ്ണൂക്കാടൻ എന്നിവരാണ് മത്സര രംഗത്തുള്ളത്.
“ഫോമാ ടീം പ്രോമിസ്” എന്ന പാനൽ ഫ്ലോറിഡയിലുള്ള മാത്യു വർഗ്ഗീസാണ് (ജോസ്) നയിക്കുന്നത്. ആ പാനലിൽ പ്രസിഡന്റായി മാത്യു വർഗ്ഗീസ്, സെക്രട്ടറിയായി അനു സ്കറിയ, ട്രഷറർ ആയി ബിനോയ് തോമസ്, വൈസ് പ്രസിഡന്റായി ജോൺസൺ ജോസഫ്, ജോയിൻറ് സെക്രട്ടറിയായി രേഷ്മ രൻജൻ, ജോയിൻറ് ട്രഷറർ ആയി ടിറ്റോ ജോൺ എന്നിവരാണ് മത്സരിക്കുന്നത്.
റീജിയണൽ കൺവൻഷനും കുടുംബ സംഗമത്തോടും അനുബന്ധിച്ച് വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. ലോങ് ഐലൻഡ് താളലയം എന്ന കലാ സംഘടന അവതരിപ്പിക്കുന്ന “ദയാവധം” എന്ന സാമൂഹിക ഹ്രസ്വ നാടകം, ഗ്ളിമ്മർ എൻറർടൈൻറ്മെൻറ് അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ, വിവിധ ഗായകർ നയിക്കുന്ന അതിമനോഹര ഗാനമേള, രുചികരവും വിഭവ സമൃദ്ധവുമായ ഡിന്നർ എന്നിവയാൽ അതിസമ്പുഷ്ടമായ ഒരു സന്ധ്യ ആസ്വദിക്കുവാനുള്ള വാരാന്ത്യമാണ് നിങ്ങൾക്കായി ഫോമാ മെട്രോ റജിയൺ ഒരുക്കിയിരുന്നത്. പ്രവേശനം സൗജന്യമായതിനാൽ നല്ലൊരു വാരാന്ത്യം ആസ്വദിക്കുവാൻ സംഘാടകർ ഏവരെയും ക്ഷണിക്കുന്നു.
Leave a Comment
Your comment will be visible after admin approval.