ഭാര്യയെയും യുവാവിനെയും കൊലപ്പെടുത്തിയ കേസിൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥന് പാരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു

Global Indian Writer · June 8, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

വെർജീനിയ :ഭാര്യയെയും മറ്റൊരു നിരപരാധിയായ യുവാവിനെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ യുഎസ് പൗരൻ ബ്രണ്ടൻ ബാൻഫീൽഡിന് പാരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വെർജീനിയ കോടതിയാണ് വെള്ളിയാഴ്ച ഈ കഠിനശിക്ഷ വിധിച്ചത്. പ്രതിയുടെ ക്രൂരതയും ആസൂത്രണവും വെറും ദേഷ്യത്തിൽ നിന്നല്ല, മറിച്ച് ശുദ്ധമായ തിന്മയിൽ നിന്ന് ഉണ്ടായതാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി വ്യക്തമാക്കി.

കുട്ടിയെ നോക്കാൻ വീട്ടിൽ നിർത്തിയിരുന്ന പെൺകുട്ടിയുമായി പ്രതിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹമോചനം നേടിയാൽ വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുമെന്നും ഭയന്നാണ് ബ്രണ്ടൻ ഭാര്യ ക്രിസ്റ്റീനെ വധിക്കാൻ പദ്ധതിയിട്ടത്. ഇതിനായി ഒരു വ്യാജ ഓൺലൈൻ പ്രൊഫൈൽ നിർമ്മിച്ച് ജോസഫ് റയാൻ എന്ന യുവാവിനെ ലൈംഗിക ആവശ്യത്തിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി.

2023 ഫെബ്രുവരിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജോസഫിനെ ബ്രണ്ടൻ വെടിവെച്ചു കൊന്നു. തുടർന്ന് ഭാര്യ ക്രിസ്റ്റീനെ കഴുത്തിൽ ഏഴുതവണ കുത്തിക്കൊല്ലുകയും ചെയ്തു. ജോസഫ് ഭാര്യയെ ആക്രമിച്ചപ്പോൾ പ്രതിരോധിച്ചതാണെന്ന് വരുത്തിത്തീർക്കാൻ ഇരുവരുടെയും മൃതദേഹങ്ങളിൽ മാറ്റങ്ങൾ വരുത്തി പൊലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചു. കേസിൽ ബ്രണ്ടനെ സഹായിച്ച വീട്ടുജോലിക്കാരിക്ക് കോടതി 10 വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.