കുടുംബശ്രീ കേരളം ഇന്ത്യയ്ക്ക് നൽകിയ സംഭാവന: അൽക്ക ഉപാധ്യായ

Global Indian Writer · June 15, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: കുടുംബശ്രീ കേരളം ഇന്ത്യയ്ക്ക് നൽകിയ വലിയ സംഭാവനയാണെന്നും കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ നൽകിയ പരാതികൾക്കെല്ലാം അപ്പപ്പോൾ പരിഹാരമുണ്ടാക്കിയിട്ടുണ്ടെന്നും അൽക്ക ഉപാധ്യായ ഐ.എ.എസ്. ദേശീയ ന്യൂനപക്ഷ കമ്മിഷൻ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിക്കുന്ന വേളയിൽ ‘മാതൃഭൂമി’ക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ അൽക്ക ഉപാധ്യായ 36 വർഷത്തെ ദീർഘവും ശ്രദ്ധേയവുമായ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് വിരമിച്ചത്. മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിൽ പ്രവർത്തനം തുടങ്ങി, ദേശീയ പാത അതോറിറ്റിയുടെയും ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന മന്ത്രാലയത്തിന്റെയും ദേശീയ ന്യൂനപക്ഷ കമ്മിഷന്റെയും തലപ്പത്തെത്തിയ അവരുടെ സേവനജീവിതം ഐ.എ.എസ്സിലെ വനിതാ നേതൃത്വത്തിന്റെ അപൂർവ വളർച്ചയുടെ പ്രതീകമാണ്.

1990-ൽ ഐ.എ.എസ്. അക്കാദമിയിൽ പ്രവേശിക്കുമ്പോൾ വനിതകളുടെ പ്രാതിനിധ്യം വെറും 10 ശതമാനമായിരുന്നുവെന്ന് അൽക്ക ഉപാധ്യായ ഓർക്കുന്നു. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾ അധ്യാപനം, മെഡിസിൻ, എൻജിനിയറിങ് തുടങ്ങിയ സുരക്ഷിത തൊഴിൽ മേഖലകളിലേക്കായിരുന്നു പോയിരുന്നത്. എന്നാലിന്ന് സിവിൽ സർവീസിൽ വനിതകളുടെ സാന്നിധ്യം 20 മുതൽ 25 ശതമാനം വരെ എത്തിയതായി അവർ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ മേൽഘട്ട് ആദിവാസി മേഖലയിലെ ധർണി ബ്ലോക്കിൽ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസറായിരുന്ന കാലഘട്ടമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട നിയമനമെന്ന് അൽക്ക പറഞ്ഞു. വൈദ്യുതിയും ഫോണും ഇല്ലാതിരുന്ന വിദൂര പ്രദേശത്ത് മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് അവർ നേതൃത്വം നൽകി. ഗ്രാമങ്ങൾ സന്ദർശിക്കാൻ മലമ്പ്രദേശങ്ങളിലൂടെ സ്വന്തം ജീപ്പിൽ അതിവേഗം സഞ്ചരിച്ചിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് നാട്ടുകാർ മേൽഘാട്ട് എക്സ്പ്രസ് എന്ന് പേരും നൽകി.

വിവാഹ ശേഷം അവർ മധ്യപ്രദേശ് കേഡറിലേക്ക് മാറി. മധ്യപ്രദേശ് റൂറൽ റോഡ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ ആദ്യ വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. പിന്നെ ദേശീയ പാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ.) ആദ്യ വനിതാ ചെയർപേഴ്സണും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിലെ ആദ്യ വനിതാ സെക്രട്ടറിയുമായി.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ചുമതല വഹിച്ച കാലത്ത് നിരവധി പുതുമകൾ അവർ നടപ്പാക്കി. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിർമാണം, പഴയ റോഡ് നിർമാണ വസ്തുക്കളുടെ പുനരുപയോഗം, ജി.ഐ.എസ്. അടിസ്ഥാനത്തിലുള്ള റോഡ് നിരീക്ഷണം, ഇ-മാർഗ് സംവിധാനം, ഡ്രോൺ സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങിയ അൽക്കയുടെ സ്വന്തം പദ്ധതികൾ ഗ്രാമീണ റോഡ് വികസന രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കാലത്ത് സ്വയംസഹായ സംഘങ്ങളുമായി നടത്തിയ പ്രവർത്തനങ്ങളെയാണ് അവർ ഏറ്റവും സംതൃപ്തി നൽകിയ അനുഭവമായി വിശേഷിപ്പിക്കുന്നത്. സ്ത്രീകൾക്ക് ചെറിയൊരു പ്രോത്സാഹനം ലഭിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അവർ പറയുന്നു. സ്വയംസഹായ സംഘങ്ങൾ, വനിതാ ഉത്പാദക കമ്പനികൾ, ക്ഷീര സഹകരണസംഘങ്ങൾ എന്നിവയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ലക്ഷക്കണക്കിന് സ്ത്രീകളെ അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ ‘കുടുംബശ്രീ’ ദേശീയ മാതൃക

കേരളത്തിലെ കുടുംബശ്രീ മാതൃക രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ വനിതാ സ്വയംസഹായ സംഘ പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായെന്ന് അവർ പറഞ്ഞു. സ്ത്രീ ശാക്തീകരണ രംഗത്ത് കേരളം സൃഷ്ടിച്ച മാതൃക പിന്നീട് ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിജയകരമായി പിന്തുടർന്നു.

കേരളത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാന്നിധ്യം വളരെ കൂടുതലാണെങ്കിലും കമ്മിഷനിൽ എത്തുന്ന പരാതികളുടെ സ്വഭാവം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള പരാതികളിൽ നിന്ന് വ്യത്യസ്തമല്ലെന്ന് അവർ വ്യക്തമാക്കി. ഭൂമി സംബന്ധമായ തർക്കങ്ങളും സേവന-സ്ഥാനക്കയറ്റ പരാതികളുമാണ് പ്രധാനമായും ലഭിക്കുന്നത്. ഒരു പരാതി ന്യൂനപക്ഷ സമുദായാംഗത്തിനെതിരായ വിവേചനം മൂലമാണോ, അതോ പൊതുവായ ഭരണപരമോ നിയമപരമോ ആയ പ്രശ്നമാണോ എന്നത് ആദ്യം പരിശോധിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഷ്ട്രീയപരമായ അഭിപ്രായപ്രകടനങ്ങൾ ഒഴിവാക്കിയ അവർ, യഥാർഥ വിവേചന പരാതികൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ കമ്മിഷൻ ഇടപെടാറുണ്ടെന്നും കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. വിവിധ ക്ഷേമപദ്ധതികളുടെയും അവകാശങ്ങളുടെയും വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണിതെന്നും അവർ പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.