തിരുവനന്തപുരം: കേരളത്തിൽ വീര്യംകുറഞ്ഞ മദ്യം വിപണിയിലിറക്കാൻ അനുമതി തേടി ബക്കാർഡി കമ്പനി പിണറായി സർക്കാരിനയച്ച കത്തുകളുടെ വിശദാംശങ്ങൾ പുറത്ത്. 2015-ൽ ബെവ്കോയ്ക്കാണ് കമ്പനി ആദ്യമായി കത്തയച്ചത്. പിന്നീട് 2017 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ എക്സൈസ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമായി മൂന്ന് കത്തുകളാണ് ബക്കാർഡി കമ്പനി കത്തയച്ചത്.
2017 ജൂണിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ആദ്യത്തെ കത്തയച്ചത്. ബെവ്കോയുടെ ടെൻഡർ നടപടികളിൽ ബെക്കാർഡിയുടെ വീര്യം കുറഞ്ഞ മദ്യ ബ്രാൻഡുകളെ ഉൾപ്പെടുത്തണമെന്നായിരുന്നു ഇതിലെ പ്രധാന ആവശ്യം. ബെക്കാർഡി ബ്രീസർ സ്ത്രീകൾ പോലും ഉപയോഗിക്കുന്ന ബ്രാൻഡ് ആണെന്നും ഇത് മദ്യാസക്തി കുറയ്ക്കാൻ സഹായിക്കുമെന്നും കമ്പനി കത്തിൽ അവകാശപ്പെട്ടു. കൂടാതെ, മുൻ സർക്കാരിന്റെ മദ്യനയം ടൂറിസം മേഖലയ്ക്ക് ഏൽപ്പിച്ച ആഘാതം പരിഹരിക്കാനും മദ്യവർജ്ജന സംസ്കാരത്തിലേക്ക് സമൂഹത്തെ എത്തിക്കാനും ഈ പാനീയത്തിന് കഴിയുമെന്ന് കമ്പനി വാദിച്ചു. ഇതുപ്രകാരം നിയമഭേദഗതി നടത്താനുള്ള ഫയൽ നടപടികളിലേക്ക് സർക്കാരെത്തുകയായിരുന്നു.
2021 സെപ്റ്റംബറിൽ എം.വി. ഗോവിന്ദനാണ് രണ്ടാമത്തെ കത്ത് അയച്ചിരിക്കുന്നത്. ബെവ്കോ ടെൻഡറുകളിൽ ഉൾപ്പെടണമെങ്കിൽ നിയമപരമായ ഭേദഗതി ആവശ്യമാണെന്ന് മനസ്സിലാക്കിയ കമ്പനി, ‘ലോ ആൽക്കഹോളിക് ബിവറേജ്’ എന്ന പേരിൽ പുതിയൊരു കാറ്റഗറി ഉൾപ്പെടുത്തി നിയമഭേദഗതി വരുത്തണമെന്ന് ഈ കത്തിലൂടെ ആവശ്യപ്പെട്ടു. ടൂറിസം മേഖലകളിലും കോർപ്പറേറ്റ് ഇവന്റുകളിലും ലിംഗവ്യത്യാസമില്ലാതെ ഏവർക്കും പ്രിയങ്കരമായ ഉൽപന്നമാണ് ബക്കാർഡി ബ്രീസറും ബക്കാർഡി പ്ലസ്സുമെന്നും കമ്പനി ഇതിൽ ചൂണ്ടിക്കാട്ടി.
2023 ഫെബ്രുവരിയിലാണ് അന്നത്തെ ടാക്സ് സെക്രട്ടറി രത്തൻ ഖേൽക്കറിന് മൂന്നാമത്തെ കത്ത് അയച്ചത്. വീര്യംകുറഞ്ഞ മദ്യത്തിനായി സർക്കാർ നിയമഭേദഗതി വരുത്തിയ സാഹചര്യത്തിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനായി നികുതി ഘടന നിശ്ചയിക്കണമെന്നും ബെവ്കോ വഴി വിൽക്കാനുള്ള അവസരം ഒരുക്കണമെന്നുമായിരുന്നു ഈ കത്തിലെ ആവശ്യം. ‘റെഡി ടു ഡ്രിങ്ക്’ വിഭാഗത്തിലുള്ള മദ്യത്തിന് യുവാക്കൾക്കിടയിലും വലിയ പ്രചാരമുണ്ടെന്നും അവരാണ് തങ്ങളുടെ പ്രധാന മാർക്കറ്റെന്നും ബെക്കാർഡി ഈ കത്തിൽ പ്രത്യേകം സൂചിപ്പിച്ചു.
ബെവ്കോ ടെൻഡറിൽ ഉൾപ്പെടുത്താൻ തുടങ്ങിയ ശ്രമം നിയമഭേദഗതിയിലേക്കും പിന്നീട് നികുതി നിർണയത്തിലേക്കും എത്തിയെന്നാണ് ഈ കത്തുകൾ വ്യക്തമാക്കുന്നത്. ബക്കാർഡി കമ്പനിയുടെ താൽപര്യ പ്രകാരമാണ് സംസ്ഥാനത്ത് ലോ ആൽക്കഹോൾ കാറ്റഗറി രൂപീകരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതെന്ന് മാതൃഭൂമി ന്യൂസ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. വിവാദമായ പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തിൽ മുൻകാലങ്ങളിലെ ഈ ഇടപാടുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.