ന്യൂഡൽഹി: തട്ടിപ്പ് കേസിൽ യു.എസ് നീതിന്യായ വകുപ്പിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ച ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിക്ക് കോടതിയിൽനിന്ന് കനത്ത തിരിച്ചടി. അദാനിക്കെതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാനുള്ള നീതിന്യായ വകുപ്പിന്റെ തീരുമാനത്തിൽ യു.എസ് ജഡ്ജി വിശദീകരണം തേടി. കേസ് ഔദ്യോഗികമായി തള്ളണമെന്ന അദാനിയുടെ അഭിഭാഷകരുടെ അഭ്യർഥന ഉടൻ അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു.
അദാനിക്കെതിരായ ക്രിമിനൽ നടപടി തുടരില്ലെന്ന് മെയ് മാസത്തിൽ യു.എസ് നീതിന്യായ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ജഡ്ജിയുടെ അനുമതിയില്ലാതെ കുറ്റങ്ങൾ പിൻവലിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കുറ്റപത്രം ഔദ്യോഗികമായി തള്ളണമെന്നാവശ്യപ്പെട്ട് അദാനിയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് ബ്രൂക്ലിനിലെ യു.എസ് ജില്ലാ ജഡ്ജി നിക്കോളാസ് ഗരൗഫിസ് നീതിന്യായ വകുപ്പിനോട് വിശദീകരണം തേടിയത്. അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനത്തിന് സൗരോർജ്ജ പദ്ധതിക്കായി അനുമതി ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്നാണ് കേസ്.
2020 മുതൽ 2024 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിയുടെ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ഏകദേശം 26.5 കോടി ഡോളർ (ഏകദേശം 2200 കോടി രൂപ) കൈക്കൂലി നൽകാൻ ഗൗതം അദാനിയും സംഘവും പദ്ധതിയിട്ടെന്നാണ് യു.എസ് പ്രോസിക്യൂട്ടർമാരുടെ പ്രധാന ആരോപണം. അഴിമതി വിരുദ്ധ നടപടികളെക്കുറിച്ച് യു.എസ് നിക്ഷേപകരെ അദാനി തെറ്റിദ്ധരിപ്പിച്ചതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കേസ് യു.എസ് നിയമത്തിന് അതീതമാണെന്നും ഇന്ത്യയിൽ ആരോപിക്കപ്പെട്ട കൈക്കൂലി തെളിയിക്കാൻ പ്രോസിക്യൂട്ടർമാർക്ക് കഴിയില്ലെന്നും അതിനാൽ കേസ് തള്ളണമെന്നുമാണ് അദാനിയുടെ അഭിഭാഷകരുടെ വാദം.
മാസങ്ങളോളം നീണ്ട ആശയവിനിമയങ്ങൾക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകൾക്കും ശേഷമാണ് കുറ്റപത്രം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് അദാനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കുറ്റാരോപണങ്ങൾ നിലനിർത്താൻ ആവശ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരായ ക്രിമിനൽ നടപടികൾ ഒഴിവാക്കാൻ യു.എസ് നീതിന്യായ വകുപ്പ് തീരുമാനിച്ചത്.
Leave a Comment
Your comment will be visible after admin approval.