ചൈനയിൽ പുതിയ വംശീയ ഐക്യ നിയമം പ്രാബല്യത്തിൽ: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭീഷണി

Global Indian Writer · June 30, 2026 · 1 min read · 0 Comments · 0 Shares

ബെയ്ജിംഗ്: ചൈനയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരത്തെയും അവകാശങ്ങളെയും പാടെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ വംശീയ ഐക്യ നിയമം പ്രാബല്യത്തിലായി. ‘വംശീയ ഐക്യവും പുരോഗതിയും’ (Ethnic Unity and Progress Promotion) എന്ന പേരിൽ കൊണ്ടുവന്ന നിയമം, ചൈനയിലുടനീളമുള്ള 56 വംശീയ വിഭാഗങ്ങളെ ഭൂരിപക്ഷമായ ഹാൻ ചൈനീസ് സംസ്‌കാരത്തിലേക്ക് ലയിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണെന്നാണ് ആരോപണം. നിയമ പ്രകാരം സ്‌കൂളുകളിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ഇനി മുതൽ ചൈനീസ് ഭാഷയായ മന്ദാരിൻ നിർബന്ധമാക്കി. കുട്ടികളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് സ്‌നേഹം വളർത്താൻ മാതാപിതാക്കൾ നിർബന്ധിതരാകും. കുട്ടികളിൽ ‘ഹാനികരമായ’ ആശയങ്ങൾ വളർത്തുന്ന മാതാപിതാക്കളെ ശിക്ഷിക്കാൻ ഈ നിയമം അധികാരം നൽകുന്നു. നിയമപ്രകാരം ചൈനീസ് സർക്കാർ വിദ്വേഷപരമെന്നോ രാഷ്ട്രവിരുദ്ധമെന്നോ നിർവചിക്കുന്ന ആശയങ്ങൾ കുട്ടികളിൽ ഉണ്ടെന്ന് കണ്ടാൽ അതിന് മാതാപിതാക്കളും ശിക്ഷയ്ക്ക് അർഹരാകും. സമ്പൂർണ അടിച്ചമർത്തലിനാണ് ചൈനീസ് സർക്കാർ ഒരുങ്ങുന്നത്.

നിയമം രാജ്യത്തിനകത്ത് മാത്രമല്ല രാജ്യത്തിന് പുറത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാർക്കും ബാധകമാണ്. നിയമത്തിലെ ആർട്ടിക്കിൾ 63 പ്രകാരം, ചൈനയ്ക്ക് പുറത്ത് താമസിക്കുന്നവർ വംശീയ ഐക്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അവർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ ചൈനയ്ക്ക് സാധിക്കും. ഇത് തായ്വാനെയും, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ടിബറ്റൻ സമൂഹങ്ങളെയും ഉദ്ദേശിച്ചുള്ളതാണെന്നാണ് നിരീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് വന്നവരുണ്ട്. ഇവരുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യൻ നിയമങ്ങളെ അടിസ്ഥാനമാക്കി ടിബറ്റൻ പ്രവാസി സർക്കാരുമുണ്ട്.

നിയമത്തെ എഐയുമായി ബന്ധിച്ച് വളരെ അപകടകരമായ നീക്കമാണ് ചൈന നടത്തുന്നത്. രാജ്യത്തെ വിമർശകരെ കണ്ടെത്താൻ മാത്രമല്ല, ഭാവിയിൽ ആരെല്ലാം വിമർശകരാകാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാനും ചൈന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്നാണ് വിവരങ്ങൾ. വ്യക്തികളുടെ ദൈനംദിന ശീലങ്ങൾ, ഇന്റർനെറ്റ് ബ്രൗസിംഗ് ഹിസ്റ്ററി എന്നിവ വിശകലനം ചെയ്ത് അവർ സർക്കാരിനെതിരെ പ്രവർത്തിക്കുമോ എന്ന് എഐ സാങ്കേതികവിദ്യ പ്രവചിക്കുന്നു. ഗീഡ്ജ് നെറ്റ്വർക്‌സ് ( Geedge Networsk) എന്ന കമ്പനി വികസിപ്പിച്ച എഐ ടൂളാണ് ഇതിനായി ചൈനീസ് സർക്കാർ ഉപയോഗിക്കുന്നത്. ഇതിന് പുറമെ ലിയാൻക്‌സിൻ ടെക്‌നോളജി (Lianxin Technology) എന്ന കമ്പനി വികസിപ്പിച്ച എഐ ക്യാമറകൾക്ക് ഒരാളുടെ മുഖഭാവം 8 മുതൽ 12 സെക്കൻഡ് വരെ നിരീക്ഷിച്ച് അയാളുടെ സ്വഭാവ സവിശേഷതകളും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയും കണ്ടെത്താൻ കഴിയും. വീടിനുള്ളിലും പുറത്തും പൗരന്മാർ സദാ നിരീക്ഷണത്തിലാക്കുന്ന സമ്പൂർണ സ്വേച്ഛാധിപത്യത്തിലേക്കാണ് ചൈന നീങ്ങുന്നത്.

ന്യൂനപക്ഷങ്ങളെ അടച്ചമർത്തുന്നതിൽ കുപ്രസിദ്ധി ആർജിച്ചതാണ് ചൈനീസ് സമീപനം.

മറ്റൊരു രാജ്യത്തും നേരിട്ടിട്ടില്ലാത്ത വിധം ന്യൂനപക്ഷങ്ങളെ ദേശീയ ധാരയിലേക്ക് കൊണ്ടുവരാനെന്ന പേരിൽ തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ച് ചൈനീസ് രീതികൾ നിർബന്ധിതമായി അടിച്ചേൽപ്പിക്കുന്നത് പുറംലോകമറിഞ്ഞിരുന്നു. സിൻജിയാങ്ങിൽ ലക്ഷക്കണക്കിന് ഉയിഗൂർ മുസ്ലീങ്ങളെ പുനർവിദ്യാഭ്യാസ കേന്ദ്രങ്ങളെന്ന തടങ്കൽപാളയങ്ങളിൽ പാർപ്പിച്ച് പീഡിപ്പിക്കുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിബറ്റിൽ ദലൈലാമയെ ആരാധിക്കുന്നതിന് വിലക്കുണ്ട്, കൂടാതെ ടിബറ്റിലെ കുട്ടികളെ നിർബന്ധപൂർവ്വം സർക്കാർ ബോർഡിംഗ് സ്‌കൂളുകളിൽ അയച്ച് ചൈനീസ് സംസ്‌കാരം അടിച്ചേൽപ്പിക്കുന്നു. ടിബറ്റൻ ഭാഷയും സ്വത്വവും ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് ടിബറ്റൻ പ്രവാസി സർക്കാർ ആരോപിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ‘ഏകീകൃത ദേശീയ സ്വത്വം’ എന്ന കാഴ്ചപ്പാട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടികൾ. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിയോജിപ്പുകളെ പൂർണ്ണമായും അടിച്ചമർത്താനാണ് ചൈന ശ്രമിക്കുന്നത്.

ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിലായി ചൈന നൂറിലധികം രഹസ്യ പോലീസ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതായും ആരോപണമുണ്ട്. വിദേശ രാജ്യങ്ങളിൽ കഴിയുന്ന ചൈനീസ് വിമർശകരെ നിരീക്ഷിക്കാനും അവരെ നിർബന്ധപൂർവ്വം ചൈനയിലേക്ക് തിരിച്ചയക്കാനും ഈ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നു എന്ന് ആരോപണമുയർന്നിരുന്നു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള നിരവധി അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ മുമ്പ് പുറത്തുവന്നിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.