ഫാ. ജിനു തെക്കേത്തലക്കൽ
വത്തിക്കാൻ സിറ്റി: നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കുട്ടികൾ മുതിർന്നവരേക്കാൾ മൂന്നിരട്ടിയിലധികം വേഗത്തിൽ മുന്നേറുന്നതായി യുണിസെഫ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്ത് രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഏകദേശം രണ്ട് കോടി കുട്ടികൾ ഇപ്പോൾ നിർമ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇതിൽ 1.3 കോടി കുട്ടികൾ പഠന ആവശ്യങ്ങൾക്കായി ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമ്പോൾ, ഏകദേശം 20 ലക്ഷത്തോളം കുട്ടികൾ, അതായത് പത്തിൽ ഒരാൾ എന്ന കണക്കിൽ, തങ്ങളെ അലട്ടുന്ന വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ ഈ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതായും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിർമ്മിത ബുദ്ധിയുടെ നൂതന സാങ്കേതികവിദ്യ അതിവേഗം വ്യാപിക്കുമ്പോഴും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിയമസംവിധാനങ്ങൾ വേണ്ടത്ര വേഗതയിൽ മാറുന്നില്ല എന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. കുട്ടികളുടെ മാനസിക നിലയെയും വികാസത്തെയും ഈ സാങ്കേതികവിദ്യ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ തെളിവുകൾ ലഭ്യമല്ലാത്തതിനാൽ ഒരു വലിയ തലമുറ തന്നെ ഒരു ആഗോള പരീക്ഷണത്തിന് വിധേയമാവുകയാണെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. മൂന്നിലൊന്ന് കുട്ടികളും നിർമ്മിത ബുദ്ധി വഴി സംഭവിക്കാവുന്ന തട്ടിപ്പുകളെയും വ്യാജവാർത്താ പ്രചാരണത്തെയും ഭയപ്പെടുമ്പോൾ, തങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് ലൈംഗിക ചുവയുള്ള ‘ഡീപ്പ് ഫെയ്ക്കുകൾ’ നിർമ്മിക്കപ്പെടുമോ എന്ന് നാലിലൊന്ന് കുട്ടികളും ആശങ്കപ്പെടുന്നുവെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. പല സാങ്കേതിക സംവിധാനങ്ങളും കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകാതെയാണ് നിലവിൽ ലഭ്യമാകുന്നത്.
ഈ സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷയും അവകാശങ്ങളും മുൻനിർത്തി നിർമ്മിത ബുദ്ധിയുടെ ഭരണനിർവഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങൾ വരുത്താൻ സർക്കാരുകളോടും സ്വകാര്യ മേഖലയോടും യുണിസെഫ് ആവശ്യപ്പെടുന്നു. കുട്ടികളുടെ വളർച്ചയിൽ ഈ സാങ്കേതിക വിദ്യകൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തുക, ദുരുപയോഗങ്ങൾ തടയാൻ നിയമങ്ങൾ കർശനമാക്കുക, സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സാങ്കേതികവിദ്യകൾ രൂപകൽപ്പന ചെയ്യുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. അതോടൊപ്പം എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സാക്ഷരതയും ഇന്റർനെറ്റ് സൗകര്യവും ഉറപ്പാക്കുന്നതിലൂടെ മാത്രമേ ആധുനിക ലോകത്തെ അവസരങ്ങൾ സുരക്ഷിതമായി പ്രയോജനപ്പെടുത്താൻ അവർക്ക് സാധിക്കൂ എന്നും യുണിസെഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.